വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം ഇന്നു പുനഃപ്രതിഷ്ഠിക്കും: അതിരമ്പുഴ തിരുനാളിന് ഇന്നു കൊടിയിറങ്ങും
1510259
Saturday, February 1, 2025 6:55 AM IST
അതിരമ്പുഴ: 14 ദിനങ്ങൾ ദീർഘിച്ച അതിരമ്പുഴ തിരുനാൾ ഇന്നു സമാപിക്കും. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്ന് കൊടിയിറങ്ങും. പരസ്യവണക്കത്തിനായി മോണ്ടളത്തിൽ പ്രതിഷ്ഠിച്ചിരുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം ഇന്ന് മദ്ബഹയിൽ പുനഃപ്രതിഷ്ഠിക്കും.
രാവിലെ 5.45നും 7.30നും 9.00നും 11.00നും ഉച്ചകഴിഞ്ഞ് 2.00നും 3.30നും 5.30നും വലിയപള്ളിയിൽ വിശുദ്ധ കുർബാനയർപ്പിക്കും. 6.30ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ആരംഭിക്കും. പരിശുദ്ധ കന്യകമറിയത്തിന്റെയും ഉണ്ണീശോയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുക്കുടുംബത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുസ്വരൂപങ്ങളും സംവഹിക്കപ്പെടും. വലിയപള്ളിയും വലിയപള്ളിയുടെ കുരിശടിയും വലംവച്ച് പ്രദക്ഷിണം സമാപിക്കും.
തിരുസ്വരൂപ പുനഃപ്രതിഷ്ഠ
പ്രദക്ഷിണത്തിനു ശേഷം വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം വലിയ പള്ളിയുടെ മദ്ബഹയിൽ പുനഃപ്രതിഷ്ഠിക്കും. മോണ്ടളത്തിൽ സ്ഥാപിച്ചിരിക്കുന്ന രൂപക്കൂട്ടിൽനിന്നു പുറത്തെടുക്കുന്ന തിരുസ്വരൂപം വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായി അൾത്താരയിലേക്ക് സംവഹിക്കും. പ്രത്യേക പ്രാർഥനകൾക്കുശേഷം തിരുസ്വരൂപം വലിയപള്ളിയുടെ മദ്ബഹയിൽ പ്രതിഷ്ഠിക്കും.
അസിസ്റ്റന്റ് വികാരിമാരായ ഫാ. നവീൻ മാമൂട്ടിൽ, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. ജോബി മംഗലത്ത്കരോട്ട് സിഎംഐ, ഫാ. അലക്സ് വടശേരിൽ സിആർഎം എന്നിവർ തിരുകർമങ്ങളിൽ സഹകാർമികരായിരിക്കും.
വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം തിരുനാളിനോടനുബന്ധിച്ച് കഴിഞ്ഞ 20നാണ് മദ്ബഹയിൽനിന്നു പരസ്യവണക്കത്തിനായി പുറത്തെടുത്ത് പ്രത്യേക രൂപക്കൂട്ടിൽ പ്രതിഷ്ഠിച്ചത്. തിരുസ്വരൂപം വണങ്ങി കഴുന്ന് എഴുന്നള്ളിക്കുന്നതിനായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേർന്നത്.
ഇടവക മധ്യസ്ഥയായ പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശനത്തിരുന്നാൾ ദിനമായ സെപ്റ്റംബർ മാസത്തിലെ മൂന്നാം ഞായറാഴ്ചയെ ഇനി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പുറത്തെടുക്കുകയുള്ളൂ.
തിരുസ്വരൂപ പുനഃപ്രതിഷ്ഠയ്ക്കുശേഷം സമാപന പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയിറക്കും. കൈക്കാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റിൽ, കെ.എം. ചാക്കോ കൈതക്കരി, സെബാസ്റ്റ്യൻ മർക്കോസ് കുഴിന്തൊട്ടിയിൽ, ചെറിയാൻ കുര്യൻ കുഴുപ്പിൽ, പാരീഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി. ജോസ് പ്ലാമൂട്ടിൽ എന്നിവർ നേതൃത്വം നൽകും.
അതിരമ്പുഴ പള്ളിയിൽ ഇന്ന് (തിരുക്കർമങ്ങൾ വലിയപള്ളിയിൽ)
രാവിലെ 5.45ന് സപ്രാ, വിശുദ്ധ കുർബാന: ഫാ. മനോജ് കറുകയിൽ (കോർപറേറ്റ് മാനേജർ, ചങ്ങനാശേരി). 7.30ന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന: റവ.ഡോ. മൈക്കിൾ വെട്ടിക്കാട്ട് (വികാരി ജനറാൾ, കോട്ടയം അതിരൂപത) 9.00ന് വിശുദ്ധ കുർബാന: ഫാ. മാത്യു താന്നിയത്ത് (മണിമല ഫൊറോനാ വികാരി), 11.00ന് വിശുദ്ധ കുർബാന: ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ (അസി. വികാരി, പാറേൽ പള്ളി)
ഉച്ചകഴിഞ്ഞ് 2.00ന് വിശുദ്ധ കുർബാന: ഫാ. മാത്യു ചൂരവടി (വികാരി, ബെത്ലഹേം പള്ളി, പാറമ്പുഴ) 3.30ന് വിശുദ്ധ കുർബാന: റവ.ഡോ. മാണി പുതിയിടം (ആർച്ച് പ്രീസ്റ്റ്, മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി, കുടമാളൂർ).
വൈകുന്നേരം 5.30ന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന: ഫാ. റെജി പ്ലാത്തോട്ടം (പ്രിൻസിപ്പൽ, എസ്ബി കോളജ്, ചങ്ങനാശേരി).
പ്രദക്ഷിണം
രാത്രി 7.30ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പുനഃപ്രതിഷ്ഠ, സമാപന പ്രാർഥന, ആശീർവാദം, കൊടിയിറക്കൽ. 9.00ന് ആര്യക്കര ബ്രദേഴ്സ് അവതരിപ്പിക്കുന്ന ഫ്യൂഷൻ.