വഴിയും പാലവുമില്ല, തലയാഴം വട്ടൂക്കരി നിവാസികളുടേത് സമാനതകളിലാത്ത ദുരിതം
1510267
Saturday, February 1, 2025 7:06 AM IST
തലയാഴം:തലയാഴം പഞ്ചായത്തിലെ മൂന്നാം വാർഡിലെ വട്ടൂക്കരി നിവാസികൾക്ക് ഗതാഗത സൗകര്യമുള്ള വഴി ഒരുക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
തലയാഴം പഞ്ചായത്തിലെ വിയറ്റ്നാമിന് കിഴക്കുഭാഗത്ത് കെ വി കനാലിന്റെ കൈവഴിക്കു കുറുകെ താൽക്കാലിക തടിപ്പാലത്തിലൂടെ അര കിലോമീറ്ററോളം പാടശേഖരത്തിന്റെ ഓരത്തു കൂടി നടന്നാണ് പ്രദേശവാസികൾ പുറം ലോകത്തെത്തുന്നത്. പ്രദേശവാസികളുടെ നിരന്തരാവശ്യത്തെ തുടർന്ന് തോടിന് കുറുകെ കലുങ്ക് തീർക്കാൻ 2022ൽ സി.കെ.ആശ എംഎൽഎ 18 ലക്ഷം രൂപ അനുവദിച്ചു ടെണ്ടറായി.കരാർ ഏറ്റെടുത്തയാൾ പണി തുടങ്ങിയെങ്കിലും ഒരുമാസത്തിത്തിനകം പണിനിലച്ചു.
നേരത്തെ സഞ്ചാരയോഗ്യമായിരുന്ന പാലം പൊളിച്ചാണ് കലുങ്ക് നിർമ്മാണമാരംഭിച്ചത്. പണി നിലച്ചശേഷം പ്രദേശവാസികൾ താത്ക്കാലികമായി തീർത്ത തടിപ്പാലത്തിലൂടെയാണ് മറുകര കടക്കുന്നത്. ഇവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും കർഷകരും കർഷക തൊഴിലാളികളുമാണ്.
നഴ്സറി മുതൽ സ്കൂൾ തലം വരെ പഠിക്കുന്ന 15ഓളം വിദ്യാർഥികളും രണ്ട് അംഗപരിമിതരും അപകട സ്ഥിതിയിലായ പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം പാലം കടക്കുന്നതിനിടയിൽ എൽപി സ്കൂൾ വിദ്യാർഥി വീണ് പരിക്കേറ്റിരുന്നു. ഗതാഗതയോഗ്യമായ റോഡും തോടിനു കുറുകെ കലുങ്കും തീർക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.