പൂഴിക്കോല്‍ സെന്റ് ആന്റണീസ് പള്ളിയുടെ ഗ്രോട്ടോയുടെ ചില്ല് തകര്‍ത്തു
1510269
Saturday, February 1, 2025 7:06 AM IST
കടുത്തുരുത്തി: പൂഴിക്കോല്‍ സെന്റ് ആന്റണീസ് പള്ളിയുടെ ഗ്രോട്ടോയുടെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തു. പള്ളിയുടെ പ്രവേശനഭാഗത്തുള്ള വിശുദ്ധ അന്തോനീസിന്റെ ഗ്രോട്ടോയുടെ ചില്ലാണ് കല്ലെറിഞ്ഞ് തകര്‍ത്തത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
ഇന്നലെ രാവിലെ പള്ളിയിലെത്തിയവരാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് വികാരി ഫാ. ജോര്‍ജ് അമ്പഴത്തിനാലിനെ വിവരം അറിയിക്കുകയായിരുന്നു. ഗ്രോട്ടോയുടെ മുന്‍ഭാഗത്തെ ചില്ലാണ് എറിഞ്ഞ് തകര്‍ത്തത്. ചില്ല് തകര്‍ത്ത കല്ല് ഗ്രോട്ടോയുടെ ഉള്ളില്‍ നിന്നും കണ്ടെത്തി. പള്ളിയധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കടുത്തുരുത്തി പോലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി.
സംഭവത്തിനുത്തരവാദികളെ കണ്ടെത്തണമെന്ന് ഇടവകാംഗങ്ങളും നാട്ടുകാരും ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ എന്നിവര്‍ സ്ഥലത്തെത്തി.പള്ളിയധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കടുത്തുരുത്തി എസ്എച്ച്ഒ ടി.എസ്. റെനീഷ് പറഞ്ഞു.