തട്ടുകടകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തണമെന്ന് എംഎല്‍എ : താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം
1510495
Sunday, February 2, 2025 6:23 AM IST
ചങ്ങനാശേരി: റോഡിന്റെ വശങ്ങളില് വില്പനയ്ക്ക് വച്ചിരിക്കുന്ന ശീതളപാനീയങ്ങള്‍, ചിപ്സും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന എണ്ണകള്‍ എന്നിവ പരിശോധിക്കാന്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് താലൂക്ക് വികസന സമിതി യോഗത്തില്‍ ജോബ് മൈക്കിള്‍ എംഎല്‍എ കര്‍ശനനിര്‍ദേശം നല്കി. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ജോസി കല്പകുളം, മന്‍സൂര്‍ പുതുവീട് എന്നിവരാണ് ഉന്നയിച്ചത്.
വാഴൂര്‍ റോഡില്‍ വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മുതല്‍ മാമ്മൂടു വരെയുള്ള റോഡു കൈയേറിയുള്ള കച്ചവടങ്ങള്‍ അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇത് നിയന്ത്രിക്കാന്‍ നടപടി വേണമെന്നും ലിനു ജോബ് ആവശ്യപ്പെട്ടു. നഗരത്തിലെ വഴിവിളക്കുകള്‍ തെളിക്കാന്‍ നഗരസഭാധികൃതര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു തോമസ് അക്കരയുടെ ആവശ്യം.
വേനല്‍ക്കാലത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിമരുന്നുകളുടെ ഉപയോഗം വര്‍ധിക്കുന്നതിനാല്‍ സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കണമെന്നും പോലീസിനും എക്സൈസിനും എംഎല്‍എ നിര്‍ദേശം നല്കി. മാര്‍ക്കറ്റിലെ ഉപയോഗ ശൂന്യമായി കിടക്കുന്ന ലോറി സ്റ്റാന്‍ഡ് സാമൂഹ്യവിരുദ്ധര്‍ കൈയേറിയിരിക്കുകയാണെന്നും സ്റ്റാന്‍ഡ് ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ജോസി കല്ലുകുളം ആവശ്യപ്പെട്ടു.
ആളുകള്‍ അനധികൃതമായി വെള്ളം എടുക്കുന്നത് തടയുന്നതിനുളള അടിയന്തര നടപടി വാട്ടര്‍ അഥോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് ജോണി ജോസഫ് ആവശ്യപ്പെട്ടു. സ്വകാര്യ ബസ് സ്റ്റാന്‍ഡുകളില്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ധിക്കുന്നതായി ജയിംസ് കലാവടക്കന്‍ അഭിപ്രായപ്പെട്ടു. ജോണ്‍ മാത്യു, സുധീര്‍ ശങ്കരമംഗലം, ഗോപാലകൃഷ്ണന്, പി.എന്‍.അമീര്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
പകര്‍ച്ച വ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളും ശുചിത്വ മിഷന്, ഹരിതകര്‍മ്മ സേന എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുവാനും തെരുവ് നായ ശല്യം തടയുന്നതിന് പ്രത്യേക നടപടി സ്വീകരിക്കുന്നതിനും യോഗം എല്ലാ പഞ്ചായത്തുകള്‍ക്കും നിര്‍ദേശം നല്കി. യോഗത്തില്‍ തഹസില്‍ദാര്‍ സുരേഷ് കുമാര്‍ ഉള്‍പ്പെടെ വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.