വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയതായി ആരോപണം
1510261
Saturday, February 1, 2025 6:55 AM IST
കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പാസ്റ്റര്‍മാര്‍ പണം തട്ടിയതായി പരാതി. മനോജ് എം. ജോയി, വില്യം ജോര്‍ജ് മല്ലിശേരി, അലക്സ് എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കോടികള്‍ തട്ടിയെടുത്തെന്നാണ് ആരോപണം. ഇരകൾ ഓരോരുത്തരോടും ഒന്നുമുതല്‍ പന്ത്രണ്ട് ലക്ഷം വരെ വാങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഐ ഇന്റര്‍നാഷണല്‍ എന്ന പേരില്‍ സ്ഥാപനം തുടങ്ങി അവിടെനിന്നാണ് തട്ടിപ്പുകളുടെ ആരംഭം. ആദ്യം കുറച്ചുപേര്‍ക്ക് വിസ വന്നെന്ന പേരില്‍ ഒരാളെ വിസിറ്റിംഗ് വിസയില്‍ ദുബായിലേക്കയച്ച് എയര്‍പോര്‍ട്ടില്‍ നില്ക്കുന്ന ഫോട്ടോയെടുത്ത് അയച്ചുകൊടുത്താണ് തട്ടിപ്പ് നടത്തിയതെന്നു തട്ടിപ്പിനിരയായവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പിന്നീട് എട്ടുപേരെ കാനഡയില്‍ വിസിറ്റിംഗ് വീസയില്‍ അയച്ചിട്ടു ജോലി ശരിയാക്കിയെന്ന വ്യാജേനെ ചെക്കുകളും, മുദ്രപത്രങ്ങളും വാങ്ങിയെടുത്തശേഷമാണ് കാനഡയിലേക്ക് അയച്ചത്. കാനഡയിലെത്തിയവർക്ക് നാലുമാസത്തോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ താമസിക്കണ്ടി വന്നു. തുടര്‍ന്നു കാനഡയിലെ മലയാളി അസോസിയേഷന്റെ സഹായത്താലാണ് ഇവർ നാട്ടിൽ മടങ്ങിയെത്തിയത്.
ഇതു സംബന്ധിച്ച് എറണാകുളം തേവര പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നു തട്ടിപ്പിനിരയായവര്‍ പറയുന്നു.
ഇതിനിടെ സംഘത്തിൽപ്പെട്ട ചില സ്ത്രീകളെ പ്രതികള്‍ ലൈംഗിക താത്പര്യത്തോടെ സമീപിക്കുകയും ആക്രമിക്കുകയും ചെയ്തു. മൂന്നുമാസം കൊണ്ട് കാനഡയിലെത്തിക്കാം എന്നു വാഗ്ദാനം ചെയ്താണ് പ്രതികള്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയത്.