വിവരാവകാശ നിയമം അവകാശങ്ങൾ ഉറപ്പാക്കാൻ സഹായിച്ചു: വാസവൻ
1510263
Saturday, February 1, 2025 6:55 AM IST
അതിരമ്പുഴ: ഭരണഘടന ഉറപ്പുനൽകുന്ന നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ അവകാശങ്ങൾ പൗരന്മാർക്കു ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഏറ്റവും സഹായിക്കുന്നതാണു വിവരാവകാശ നിയമമെന്ന് മന്ത്രി വി.എൻ. വാസവൻ.
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ വിവരാവകാശവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായി സംസ്ഥാന വിവരാവകാശ കമ്മീഷൻ നടത്തിയ ഏകദിന സെമിനാർ എംജി സർവകലാശാല അസംബ്ലി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് അധ്യക്ഷത വഹിച്ചു. വിവരാവകാശ കമ്മീഷൻ അംഗം ഡോ. സോണിച്ചൻ പി. ജോസഫ്, ജില്ലാ ലോ ഓഫീസർ ടി.എസ്. സബി എന്നിവർ പ്രസംഗിച്ചു. തുടർന്നു വിഷയാവരണവും ജീവനക്കാരുമായുള്ള സംവേദനവും നടന്നു. സെമിനാറിൽ ഏറ്റുമാനൂർ നിയോകജകമണ്ഡലത്തിലെ വിവിധ ഓഫീസുകളിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ, അപ്പീൽ അധികാരികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വിവരാവകാശ നിയമത്തെപ്പറ്റി അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും സംസ്ഥാന വിവരാവകാശ കമ്മീഷൻ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നത്.