ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം
1510359
Sunday, February 2, 2025 4:27 AM IST
മണിമല: 2024-25 സാമ്പത്തിക വർഷത്തെ ക്ഷീര ഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണിമല കാർഡിനൽ പടിയറ പബ്ലിക് സ്കൂളിൽ മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. സംസ്ഥാന ക്ഷീരവികസന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഞ്ചായത്ത് വകയിരുത്തുന്ന അത്രയും തുക തന്നെ ക്ഷീരവികസന വകുപ്പും പദ്ധതിക്കായി വകയിരുത്തുന്നു. കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വകയിരുത്തുന്ന പഞ്ചായത്തുകൾക്കാണ് ക്ഷീരഗ്രാമം പദ്ധതി സർക്കാർ അനുവദിക്കുന്നത്. ഒന്ന്, രണ്ട്, അഞ്ച് എണ്ണത്തിലുള്ള പശു യൂണിറ്റുകൾ, പുൽകൃഷി, കറവ യന്ത്രം, കാലിത്തീറ്റ, തീറ്റപ്പുൽ, യന്ത്രവൽക്കരണം തുടങ്ങിയ ഘടകങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നു. സംസ്ഥാനത്ത് പാലുൽപാദനം വർധിപ്പിക്കുക, പാലിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.
ക്ഷീരവികസന വകുപ്പും വെള്ളാവൂർ പഞ്ചായത്തും സംയുക്തമായി ചേർന്ന് സംഘടിപ്പിച്ച യോഗത്തിൽ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അനൂപ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസി ഷാജൻ, ഹേമലത പ്രേം സാഗർ, എറണാകുളം മേഖലാ യൂണിയൻ അംഗം ജോജോ ജോസഫ്, ജില്ല ഡപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ പുരോഗതി കൈവരിച്ചവരെ ആദരിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും ക്ഷീര കർഷകരും സഹകാരികളും പങ്കെടുത്തു.