സ്കൂള്‍ ഉച്ചഭക്ഷണ ഫണ്ടിൽ നാമമാത്ര വര്‍ധന
1510031
Friday, January 31, 2025 11:44 PM IST
കോട്ടയം: സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിനുള്ള നിരക്കുകള്‍ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ ഒരു കുട്ടിക്ക് 6.19 രൂപയായും ആറു മുതല്‍ എട്ടുവരെ 9.19 രൂപയുമായാണ് പുതുക്കിയിരിക്കുന്നത്. എല്‍പി വിഭാഗം ആറ് രൂപയില്‍നിന്നാണ് 19 പൈസ വര്‍ധിപ്പിച്ചത്.
പാചക ചെലവിനത്തില്‍ സ്കൂളുകള്‍ക്ക് അനുവദിക്കുന്ന സപ്ലിമെന്ററി ന്യുട്രീഷന്‍ പരിപാടി ഒഴികെയുള്ള തുക (മെറ്റീരിയല്‍ കോസ്റ്റ്) യിലാണ് മാറ്റം. കേന്ദ്ര, സംസ്ഥാന നിരക്കുകള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ പരിഷ്കരിച്ചതിനെത്തുടര്‍ന്നാണ് കേരളത്തിലും നിരക്ക് പുതുക്കുന്നത്. എല്‍പി വിഭാഗത്തിനുള്ള 6.19 രൂപയില്‍ 3.71 രൂപ കേന്ദ്ര വിഹിതവും 2.48 സംസ്ഥാന വിഹിതവുമാണ്. യുപി വിഭാഗത്തിന്റെ 9.19 രൂപയില്‍ 5.57 രൂപ കേന്ദ്ര വിഹിതമായി ലഭിക്കും. സംസ്ഥാനം ചെലവഴിക്കുന്നത് 3.72 രൂപ.
ഒന്‍പത്, പത്ത് ക്ലാസ് കുട്ടികള്‍ ഭക്ഷണപദ്ധതിയില്പ്പെടില്ലെങ്കിലും ചില സ്കൂളുകളില്‍ അധ്യാപകരുടെ സഹകരണത്തോടെ ഈ വിഭാഗത്തിനും ഉച്ചയൂണ് നല്‍കുന്നുണ്ട്.
എല്‍പി, യുപി ക്ലാസുകളില്‍ വ്യത്യസ്ത തുക അനുവദിക്കുന്നതിനെതിരേ വിവിധ പ്രഥമാധ്യാപക സംഘടനകള്‍ രംഗത്തെത്തി.
വിവേചനം തുടരുന്നത് അശാസ്ത്രീയമാണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. പച്ചക്കറികള്‍, പല വ്യഞ്ജനങ്ങള്‍, പാചകവാതകം തുടങ്ങിയവയ്ക്കുള്ള തുകയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. അരി മാത്രം സൗജന്യമായി സപ്ലൈകോയില്‍ നിന്ന് ലഭിക്കും. അവശ്യസാധന വിലവര്‍ധനയുടെ അടിസ്ഥാനത്തില്‍ പുതുക്കിയ നിരക്ക് അപര്യാപ്തമാണെന്നാണ് അധ്യാപകരുടെ അഭിപ്രായം.