വെച്ചൂരിനെ കല്ലറ സ്റ്റേഷൻ പരിധിയിലാക്കുന്നത് അപ്രായോഗികമെന്ന്
1510486
Sunday, February 2, 2025 6:16 AM IST
വെച്ചൂർ: കോട്ടയം ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് വേമ്പനാട് കായലോരത്ത് സ്ഥിതിചെയ്യുന്ന വെച്ചൂർ ഗ്രാമത്തെ പുതുതായി കല്ലറയിൽ ആരംഭിക്കുന്ന പോലീസ് സ്റ്റേഷന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നത് അപ്രായോഗികമാണെന്നും ഇക്കാര്യത്തിൽ സർക്കാർ അനുഭാവപൂർവമായ നടപടി സ്വീകരിക്കണമെന്നും വെച്ചൂർ നിവാസികൾ.
വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന വെച്ചൂർ ഗ്രാമം നിലവിൽ വൈക്കം പോലീസ് സ്റ്റേഷൻ പരിധിയിലാണ്. ഗ്രാമത്തിന്റെ തെക്കു കിഴക്കേ അതിർത്തിയായ കൈപ്പുഴമുട്ടിൽനിന്ന് 12കിലോമീറ്ററാണ് വൈക്കം പോലീസ് സ്റ്റേഷനിലേക്കുള്ള ദൂരം.
ഗ്രാമവാസികൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ വളരെ വേഗം എത്തിച്ചേരാനാവും വിധത്തിൽ ഗതാഗത സൗകര്യവും നിലവിലുണ്ട്.മാത്രമല്ല താലൂക്ക് ആസ്ഥാനം, ആശുപത്രി, എല്ലാ പ്രധാന വകുപ്പുകളുടെയും ഓഫീസുകൾ എല്ലാം വൈക്കം കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചുവരുന്നത്.
സാമൂഹിക സംവിധാനങ്ങൾ ഈ വിധത്തിൽ ജനോപകാരപ്രദമായിരിക്കുമ്പോഴാണ് വെച്ചൂർ ഗ്രാമത്തെ പൂർണമായും കല്ലറ പഞ്ചായത്തിലെ ചന്ദപ്പറമ്പ് കേന്ദ്രമായി പുതുതായി രൂപീകരിക്കുന്ന പോലീസ് സ്റ്റേഷൻ പരിധിയിൽ സർക്കാർ ഉൾപ്പെടുത്തിയത്.
വെച്ചൂർ നിവാസികൾക്ക് ഒരാവശ്യം വന്നാൽ കുറഞ്ഞത് മൂന്ന് ബസുകൾ മാറിക്കയറി വേണം കല്ലറയിലെ പോലീസ് സ്റ്റേഷനിലെത്താൻ. ജനങ്ങളുടെ യാത്രാദുരിതം കണക്കിലെടുത്ത് വെച്ചൂർ പഞ്ചായത്തിന്റെ ക്രമസമാധാന പരിപാലന ചുമതല വൈക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ നിലനിർത്തണമെന്നാണ് വെച്ചൂർ നിവാസികളുടെ ആവശ്യം.
വെച്ചൂർ നിവാസികൾക്ക് ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അഭ്യന്തര വകുപ്പ് വെച്ചൂർ പഞ്ചായത്തിനെ വൈക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ നിലനിർത്തണമെന്നാവശ്യപ്പെട്ട് വെച്ചൂർ പഞ്ചായത്ത് ഭരണസമിതി ഡിജിപിക്ക് നിവേദനം സമർപ്പിച്ചു.