കൈതകൃഷിയിൽ നിരോധിച്ച കീടനാശിനികളുടെ ഉപയോഗം: കര്‍ശന നടപടിക്കു താലൂക്ക് വികസന സമിതി
1510358
Sunday, February 2, 2025 4:27 AM IST
പാലാ: മീനച്ചില്‍ താലൂക്ക് പ്രദേശങ്ങളില്‍ കൈതകൃഷി ചെയ്യുന്ന പാട്ടക്കരാറുകാര്‍ ഉപയോഗിക്കുന്ന നിരോധിച്ച കളനാശിനികൾ മനുഷ്യർക്കും മൃഗങ്ങള്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി താലൂക്ക് വികസന സമിതിയില്‍ പരാതി.
ഇതേത്തുടര്‍ന്നു കാര്‍ഷിക വികസന സമിതിയോഗം വിളിച്ചു ചേര്‍ത്ത് പരാതിയിന്മേൽ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്തുതല ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ജലത്രോതസുകളില് പരിശോധന നടത്തി ലാബ് റിപ്പോര്‍ട്ട് അടുത്ത താലൂക്ക് സമിതിയോഗത്തില്‍ നൽകണമെന്നും താലൂക്കിനു കീഴിലുള്ള എല്ലാ കൃഷി ഓഫീസര്‍മാർക്കും പാലാ ആര്‍ഡിഒ കെ.പി. ദീപ കര്‍ശന നിര്‍ദേശം നൽകി.
താലൂക്ക് വികസന സമിതിയംഗങ്ങളും യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്തു പ്രസിഡന്റുമാരും ഉന്നയിച്ച പരാതിയിന്മേലാണ് യോഗത്തില്‍ ചര്‍ച്ച നടന്നതും തീരുമാനമെടുത്തതും. കീടനാശിനികള്‍ സമീപ കിണറുകളിലും ജലസ്രോതസുകളിലും ചെറിയ തോടുകളിലും എത്തിച്ചേരുന്നതായി യോഗം വിലയിരുത്തി.
കൂടാതെ താലൂക്കിലെ നൂറുകണക്കിനു ലോമാസ്റ്റ്, ഹെമാസ്റ്റ് ലൈറ്റുകളിൽ പലതും തെളിയാതെ ഉപയോശൂന്യമായ കാര്യവും യോഗത്തില്‍ ചര്‍ച്ചയായി. കോടിക്കണക്കിനു രൂപ ചെലവഴിച്ചു നഷ്ടങ്ങള്‍ വരുത്തിയ പദ്ധതി സംബന്ധിച്ച പൂര്‍ണ വിവരം വരുന്ന താലൂക്ക് സമതിയോഗത്തില് നല്‍കണമെന്നും തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ഏജന്‍സിയെ കൊണ്ട് എസ്റ്റിമേറ്റ് എടുത്തു പ്രവര്‍ത്തനക്ഷമമാക്കണമെന്നും സമിതി നിര്‍ദേശിച്ചു.
വികസസമിതിയംഗം പീറ്റര്‍ പന്തലാനിയാണ് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത്. യോഗത്തില്‍ മുന്‍സിപ്പല്‍ ചെയര്മാന് ഷാജു വി. തുരത്തന് അധ്യക്ഷത വഹിച്ചു. ആര്‍ഡിഒ കെ.പി. ദീപ, തഹസില്‍ദാര്‍ ലിറ്റി ജോസഫ്, ബി. മഞ്ജിത്, സമിതിയംഗങ്ങളായ എ.കെ. ചന്ദ്രമോഹന്, ജോര്‍ജ് പുളിങ്കാട്, ആന്റണി ഞാവള്ളി, പി.എസ്. ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിന്റുമാര്‍, പഞ്ചായത്തു പ്രസിഡന്റുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗന്ഥര് തുടങ്ങിയവര്‍ പങ്കെടുത്തു.