ക്ഷീരകർഷകരെ മുഖ്യധാരയിലേക്ക് ഉയർത്തും: മന്ത്രി ജെ. ചിഞ്ചുറാണി
1510493
Sunday, February 2, 2025 6:23 AM IST
വൈക്കം: ക്ഷീരകർഷകരെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചുവരികയാണെന്നു മന്ത്രി ജെ. ചിഞ്ചു റാണി. ബ്രഹ്മമംഗലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടയം ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജില്ലാ പഞ്ചായത്ത്, വൈക്കം ബ്ലോക്ക് പഞ്ചായത്ത്, ചെമ്പ് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ മുഴുവൻ ക്ഷീരസഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിലാണ് ക്ഷീര സംഗമം സംഘടിപ്പിച്ചത്.
കന്നുകാലി പ്രദർശനം, ക്ഷീര കർഷകസംഗമം, ക്ഷീരജാലകം ഡയറി എക്സ്പോ, ക്ഷീര ജ്വാല-ക്ഷീരസംഘം പ്രതിനിധികൾക്കുള്ള ശില്പശാല, ക്ഷീരകിരണം- പാലറിവ്, ക്ഷീര സന്ധ്യ- കലാസന്ധ്യ, ഗവ്യജാലകം, ക്ഷീരകർഷക സെമിനാർ തുടങ്ങി വിവിധ പരിപാടികൾ നടന്നു.
ജില്ലയിലെ മികച്ച യുവ ക്ഷീര കർഷകൻ ആൽവിൻ ജോർജ്ജ് അരയത്തേൽ, കൂടുതൽ പാൽ നൽകിയ ബിജുമോൻ, ക്ഷീര സംഘത്തിൽ പാൽ അളന്ന ആലീസ് തുടങ്ങി മികച്ച കർഷകരെയും മികച്ച സംഘങ്ങളെയും മന്ത്രി പുരസ്ക്കാരം നൽകി ആദരിച്ചു. സി.കെ.ആശ എം എൽ എ അധ്യക്ഷത വഹിച്ചു.