ഭക്തിസാന്ദ്രമായി കുടമാളൂർ നഗരപ്രദക്ഷിണം
1510364
Sunday, February 2, 2025 4:27 AM IST
കുടമാളൂർ: ആയിരങ്ങൾ നിരന്ന് വിശ്വാസി സാഗരമായി കുടമാളൂർ ദർശന തിരുനാളിന്റെ പ്രധാന നഗര പ്രദക്ഷിണം. ഇന്നലെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയ്ക്കുശേഷം പള്ളിയിൽ നിന്നും പ്രദക്ഷിണം പുറപ്പെട്ടു.
സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ ദർശന സഖ്യാംഗങ്ങളുടെയും മുഖ്യ പ്രസുദേന്തിയുടെയും 300 ൽ പരം സഹ പ്രസുദേന്തിമാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കമനീയമായി അലങ്കരിച്ച വീഥിയിലൂടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ സംവഹിച്ച് സെന്റ് ജോസഫ് ചാപ്പൽ ചുറ്റി പുളിഞ്ചോട് സെന്റ് മേരീസ് ചാപ്പലിൽ എത്തിച്ചേർന്നു.
ചാപ്പലിൽ ലദീഞ്ഞും പ്രസംഗവും ഫാ. റ്റിജോ മുണ്ടുനടയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തി. രാത്രി ഇടവക പള്ളിയിൽ പെരുന്നാൾ പ്രദക്ഷിണം തിരിച്ചെത്തി. തുടർന്ന് ആഘോഷമായ കപ്ലോൻ വാഴ്ച നടത്തപ്പെട്ടു. ഇന്ന് പ്രധാന തിരുനാൾ ദിനം.
രാവിലെ ഏഴിനു വിശുദ്ധ കുർബാനയ്ക്ക് ശേഷം കാഴ്ചവയ്പ് പ്രദക്ഷിണം സെന്റ് ജോസഫ് ചാപ്പലിലേക്ക്. 10നു തിരുനാൾ റാസാ കുർബാന-ഫാ. ചാക്കപ്പൻ നടുവിലേക്കളം. 4.15ന് ആർച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടത്തിന്റെ അധ്യക്ഷതയിൽ പ്രസുദേന്തി സംഗമം. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന-ഫാ.തോമസ് പറത്താനം. തുടർന്ന് സെന്റ് ജോസഫ് ചാപ്പലും കൽക്കുരിശും പഴയ പള്ളിയും ചുറ്റി തിരുനാൾ പ്രദക്ഷിണം. രാത്രി 7.30ന് സംഗീത സായാഹ്നം.