നാടിനെ ഭയപ്പാടിലാക്കിയ പോത്തിനെ 50 മണിക്കൂറിനു ശേഷം കീഴ്പ്പെടുത്തി
1510360
Sunday, February 2, 2025 4:27 AM IST
എലിക്കുളം: വ്യാഴാഴ്ച വൈകുന്നേരം വിരണ്ടോടിയ പോത്തിനെ ഇന്നലെ രാത്രി 10.30 ഓടെ വെടിവച്ചു വീഴ്ത്തി. റബർത്തോട്ടങ്ങളിലൂടെ അലഞ്ഞ പോത്തിനെ 50 മണിക്കൂറിന് ശേഷം പാമ്പോലിയിൽ നിരാലംബരായ വയോധികരെ സംരക്ഷിക്കുന്ന സെറിനിറ്റി ഹോമിന് സമീപത്തുവച്ചാണ് കീഴ്പ്പെടുത്തിയത്. രണ്ടുദിവസമായി ആശങ്കയിലായിരുന്ന നാടിന് ഇതോടെ ഭയപ്പാടൊഴിഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം 5.30ന് എലിക്കുളം ആളുറമ്പിൽ നിന്നാണ് കശാപ്പിനായി കൊണ്ടുവന്ന് കെട്ടിയിട്ട പോത്ത് വിരണ്ടോടിയത്. റബർത്തോട്ടങ്ങളിലൂടെ ഓടിക്കയറിയ പോത്തിനെ അന്ന് രാത്രിയും വെള്ളിയാഴ്ച പകലും ഇന്നലെ പകലും തെരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.
പൊന്തക്കാട് നിറഞ്ഞ ഏക്കറുകണക്കിന് റബർത്തോട്ടമുള്ള പാമ്പോലി മേഖലയിൽ വെള്ളിയാഴ്ച കണ്ടവരുണ്ടെങ്കിലും പിന്നീട് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് പാമ്പോലി ഭാഗത്ത് റബർത്തോട്ടത്തിൽ ആൾക്കാർ പോത്തിനെ കണ്ടതും കീഴ്പ്പെടുത്താനിടയായതും. കഴിഞ്ഞയാഴ്ച പൈകയിലെ അറവുശാലയിൽ നിന്ന് വിരണ്ടോടിയ പോത്തും ഈ ഭാഗത്താണ് എത്തിയത്. എലിക്കുളം പള്ളിയുടെ സെമിത്തേരിയിൽ കടന്ന പോത്തിനെ അന്ന് വെടിവച്ച് വീഴ്ത്തുകയായിരുന്നു.