ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വെട്ടിക്കുറച്ച നടപടി നീതിനിഷേധം: കത്തോലിക്ക കോണ്‍ഗ്രസ്
1510276
Saturday, February 1, 2025 7:10 AM IST
ചങ്ങനാശേരി: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പ് പകുതിയായി വെട്ടിക്കുറച്ച സംസ്ഥാനസര്‍ക്കാര്‍ നടപടി നീതീകരിക്കാനാവാത്തതും പ്രതിഷേധാര്‍ഹവുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത. പ്രഫ. ജോസഫ് മുണ്ടശേരി സ്കോളര്‍ഷിപ്പ്, സിവില്‍ സര്‍വീസ് ഫീസ് റീ ഇംബേഴ്സ്മെന്റ്, വിദേശത്ത് പഠിക്കാനായുള്ള സ്കോളര്‍ഷിപ്പ്,
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പ്, മദര്‍ തെരേസ സ്കോളര്‍ഷിപ്പ് എന്നിവ അടക്കം ഒമ്പത് സ്കോളര്‍ഷിപ്പുകളുടെ തുക പകുതിയായി വെട്ടിക്കുറച്ചത് ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളോടുള്ള നീതിരഹിതമായ പ്രവര്‍ത്തനമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് ഫെബ്രുവരി 15ന് സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ റാലിയിലും അവകാശ പ്രഖ്യാപന സമ്മേളനത്തിനും ഈ വിഷയവും ഉന്നയിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റത്തിന് മുന്നോടിയായി സംഘടിപ്പിച്ച നേതൃസദസിലാണ് കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചത്. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്ക, ജനറല്‍ കണ്‍വീനര്‍ ജോസ് വെങ്ങാന്തറ, ജിനോ ജോസഫ്, സി.ടി. തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസ്ലിന് കുരുവിള, രാജേഷ് ജോണ്‍, ജേക്കബ് നിക്കോളാസ്, ടോമിച്ചന് അയ്യരുകുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.
കണ്‍വന്‍ഷനുകള്‍ ഇന്നും നാളെയും
ചങ്ങനാശേരി: കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ 15ന് നടത്തുന്ന കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റത്തിന്റെ ഭാഗമായുള്ള യൂണിറ്റ് പ്രവര്‍ത്തക കണ്‍വന്‍ഷനുകളും ഫൊറോന നേതൃസംഗമങ്ങളും ഇന്നും നാളെയുമായി നടത്തും.
വെളിയനാട് സെന്റ് ഗ്രിഗോറിയോസ്, കേസറിയ, തായങ്കരി, മിത്രക്കരി, തൃക്കൊടിത്താനം, പുലിമുഖം മര്‍ത്തമറിയം, കുമാരനല്ലൂര്‍, കുമരകം നവനസ്രത്ത്, രാജമറ്റം, കുളത്തൂര്‍മൂഴി, ഇരവുചിറ, മാന്നില, വേഴപ്ര, കണ്ണാടി, കടുവാക്കുളം യൂണിറ്റുകളിലാണ് യൂണിറ്റ് പ്രവര്‍ത്തക കണ്‍വന്‍ഷനുകളും നേതൃസമ്മേളനങ്ങളും സംഘടിപ്പിക്കുന്നത്.
അതിരൂപത സമിതിയിലെ വിവിധ സബ് കമ്മിറ്റികള്‍ ഇന്നും അതിരൂപത നിര്‍വാഹക സമിതി യോഗം നാളെ ഉച്ചകഴിഞ്ഞ് രണ്ടിനും വിവിധ സംഘടന നേതാക്കളുടെ യോഗം നാളെ മൂന്നിനും നടക്കും. വിവിധ സ്ഥലങ്ങളില്‍ നടന്ന നേതൃസംഗമങ്ങള്‍ക്ക് അതിരൂപത ഭാരവാഹികള്‍ നേതൃത്വം നല്‍കും.