ചൈതന്യ കാര്‍ഷികമേളയ്ക്ക് ഇന്നു തുടക്കം
1510365
Sunday, February 2, 2025 4:27 AM IST
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയ സംഘ മഹോത്സവത്തോടും അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന കാര്‍ഷിക വിള പ്രദര്‍ശന പവിലിയന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ നിര്‍വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിച്ചു.
കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്, കോട്ടയം അതിരൂപത പാസ്റ്ററല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെഎസ്എസ്എസ് സ്വാശ്രയസംഘാംഗങ്ങളുടെയും കര്‍ഷക പ്രതിനിധികളുടെയും നേതൃത്വത്തില്‍ വൈവിധ്യങ്ങളായ കാര്‍ഷിക വിളകളുടെ വിപുലമായ ശേഖരമാണ് വിളപ്രദര്‍ശന പവിലിയനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുള്ളത്.
കാര്‍ഷികമേളയുടെ ഉദ്ഘാടന ദിവസമായ ഇന്ന് കാര്‍ഷിക സ്വാശ്രയത്വ ദിനമായിട്ടാണ് ആചരിക്കുന്നത്. ഉച്ചയ്ക്ക് 1.45 ന് കെഎസ്എസ്എസ് സ്വാശ്രയസംഘാംഗങ്ങളുടെ കലാപരിപാടികളോടെയാണ് മേളയ്ക്ക് തുടക്കം കുറിക്കുക. 2.30 ന് നടത്തപ്പെടുന്ന കാര്‍ഷിക സ്വാശ്രയസംഘ മഹോത്സവ ഉദ്ഘാടന സമ്മേളനത്തില്‍ കോട്ടയം ആർച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. സ്വാശ്രയസംഘ മഹോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവനും കാര്‍ഷികമേളയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദും നിര്‍വഹിക്കും.
ജോസ് കെ. മാണി എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, തോമസ് ചാഴികാടന്, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ്, അമേരിക്കയിലെ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച് വികാരി ഫാ. ഏബ്രാഹം മുത്തോലത്ത്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്, കോട്ടയം അതിരൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ഏബ്രഹാം പറമ്പേട്ട്, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ജോ ജോസഫ്, സെന്റ് ജോസഫ് കോണ്ഗ്രിഗേഷന് സുപ്പീരിയർ ജനറല്‍ സിസ്റ്റര്‍ അനിത എസ്ജെസി, ക്നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍, കെഎസ്എസ്എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഷെറിന് കുരിക്കിലേട്ട് എന്നിവര്‍ പ്രസംഗിക്കും