പൂവം പെരുമ്പഴക്കടവ് പാലം : അപ്രോച്ച് റോഡ് പുനര്‍നിര്‍മാണത്തിന് 4.73 കോടി രൂപയുടെ ഭരണാനുമതി
1510275
Saturday, February 1, 2025 7:06 AM IST
ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തിലെ പെരുമ്പഴക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് പുനര്‍നിര്‍മാണത്തിന് 4.73 കോടി രൂപയുടെ ഭരണാനുമതി നല്കി ഉത്തരവിറങ്ങിയതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.
നിര്‍മാണം സംബന്ധിച്ച് 3.50 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ഇറങ്ങിയിരുന്നു. ഈ പ്രവര്‍ത്തി സംബന്ധിച്ച് നിരവധിതവണ ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും ആരും ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്തിരുന്നില്ല. അതിനാലാണ് 48 ലക്ഷം രൂപ അധികമായി ലഭ്യമാക്കിക്കൊണ്ട് ഇപ്പോള്‍ പുതിയ ഭരണാനുമതി ഉണ്ടായിരിക്കുന്നത്.
പൂവം പ്രദേശത്തെ ചങ്ങനാശേരിയുമായി ബന്ധിപ്പിക്കുന്ന ഏക പൊതുഗതാഗത മാര്‍ഗമാണിത്. ഇതിന്റെ നിര്‍മാണം തടസപ്പെട്ട സാഹചര്യത്തിലാണ് ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചീഫ് സെക്രട്ടറി അടങ്ങുന്ന സംഘം വിഷയം പരിശോധിച്ച് അധികമായി തുക അനുവദിക്കാന്‍ ഉത്തരവ് ആയത്.
പാലം നിര്‍മാണം തടസപ്പെട്ടിട്ട് 15 വര്‍ഷം
പെരുമ്പുഴക്കടവ് പാലം നിര്‍മാണം തടസപ്പെട്ടിട്ട് 15 വര്‍ഷത്തിലേറെയായി. പാലത്തിന്റെ വശത്തുകൂടി മുട്ടിട്ടുനിര്മിച്ച റോഡും തകര്‍ന്നു സഞ്ചാരം ദുരിതമാണ്. നിര്‍മാണം തടസപ്പെട്ടുകിടക്കുന്ന പൂവം-പെരുമ്പുഴക്കടവ് പാലത്തിനടിയിലെ മുട്ട് വിവിധ പാടശേഖരങ്ങളിലെ കൃഷിക്കു ദുരിതമായിരിക്കുകയാണ്.
വെള്ളം ഒഴുകുന്നതിന് ഈ മുട്ട് പര്യാപ്തമല്ലാത്തതാണ് കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. പാലത്തിന്റെ സമീപത്തെ തോടുകളില്‍ പോളയും മാലിന്യവും നിറഞ്ഞ് ഒഴുത്ത് തടസപ്പെട്ട നിലയിലുമാണ്.