പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥയെ തടഞ്ഞു; ബാര്‍ ഉടമ പോലീസ് പിടിയില്‍
1510491
Sunday, February 2, 2025 6:23 AM IST
കടുത്തുരുത്തി: ബാറില്‍ പരിശോധനയ്ക്കെത്തിയ അബ്കാരി വെല്‍ഫെയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥയെ തടയുകയും ജോലി തടസപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ മാഞ്ഞൂരിലെ വിവാദ ബാര്‍ ഉടമ അറസ്റ്റില്‍.
ബാറിനും ഹോട്ടലിനും അനുമതി നല്‍കാത്തതിന്റെ പേരില്‍ മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കിടന്ന് പ്രതിഷേധിച്ച കടുത്തുരുത്തി മാഞ്ഞൂര്‍ ബീസാ ക്ലബ് ബാര്‍ ഉടമ ഷാജിമോന്‍ ജോസഫിനെയാണ് കടുത്തുരുത്തി എസ്എച്ച്ഒ ടി.എസ്. റെനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ബാര്‍ ജീവനക്കാരുടെ ക്ഷേമകാര്യങ്ങളടക്കം ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന അബ്കാരി വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ നദീറ നസീര്‍ മാഞ്ഞൂര്‍ ബീസാ ക്ലബ് ബാറില്‍ പരിശോധനയ്ക്കെത്തി. ഈ സമയം ബാറിലുണ്ടായിരുന്ന ഷാജിമോന്‍ ഇവരുടെ ജോലി തടസപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.
എറണാകുളം മുതല്‍ അഞ്ചു ജില്ലകളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥയാണ് നദീറ. ജോലി തടസപ്പെടുത്തിയതു സംബന്ധിച്ച് ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു.
തുടര്‍ന്നാണ് കടുത്തുരുത്തി പോലീസ് ബാര്‍ ഉടമയെ അറസ്റ്റ് ചെയ്തത്. എസ്ഐ ശരണ്യ എസ്.ദേവന്, എസ്ഐ നാസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ മഹേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.