കുള്ളന്തോണ്ടി അരി വിപണിയിൽ
1510487
Sunday, February 2, 2025 6:16 AM IST
കടുത്തുരുത്തി: ഔഷധഗുണമുള്ള ജൈവ നെല്ല് കുള്ളന്തോണ്ടി അരിയാക്കി വിപണിയിലിറക്കി കര്‍ഷക കൂട്ടായ്മ പച്ച ഗ്രൂപ്പ്. മാഞ്ഞൂര്‍ റൈസ് എന്ന പേരിലാണ് അരി വിപണിയിലിറക്കിയിരിക്കുന്നത്. കിലോയ്ക്ക് 70 രൂപയാണ് വില. ആദ്യ വില്പന മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് പഞ്ചായത്ത് സെക്രട്ടറി മാര്ട്ടിന് ജോര്‍ജിന് നല്കി നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂകാലാ, കൃഷി ഓഫീസര്‍ കെ. ഷിജില, കര്‍ഷകനും കോണ്‍ഗ്രസ് നേതാവുമായ ജയിംസ് പുല്ലാപ്പള്ളി, പഞ്ചായത്തംഗം ബിനോയി ഇമ്മാനുവല്‍, കര്‍ഷകര്‍, കുള്ളന്തോണ്ടി കൃഷി ചെയ്ത രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുള്ളന്തോണ്ടി അരിയില്‍ തവിട് കൂടുതലാണ്. ഇത് ഊര്‍ജവും നാരുകളും നല്കുന്നു. കൂടാതെ അരിയില്‍ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. ഇവ ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ വിറ്റാമിന്‍ ഇ കൂടുതല്‍ അടങ്ങിയിട്ടുണ്ടെന്നത് പ്രതിരോധശേഷിയും വര്‍ധിപ്പിക്കും.
അരി വേവിച്ച ചോറായും പൊടിച്ച് പുട്ട്, കൊഴുക്കട്ട തുടങ്ങിയ പലഹാരങ്ങളായും കഴിക്കുന്നത് നല്ലതാണ്. തവിടിന്റെ 60 ശതമാനത്തോളം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ കൂടുതല്‍ ഗുണകരമായിരിക്കുമെന്നും പറയുന്നു.