ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ബിവറേജസ് ഔട്ട്ലെറ്റ് മാറ്റിസ്ഥാപിക്കണം
1510278
Saturday, February 1, 2025 7:10 AM IST
ചങ്ങനാശേരി: ഒന്നാം നമ്പര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപനുള്ള ബിവറേജസ് ഔട്ട്ലറ്റ് മദ്യശാല മാറ്റി സ്ഥാപിക്കണമെന്ന് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ റോഡില്‍ ബിവറേജസ് ഔട്ട്ലെറ്റില് വരുന്ന വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തു ഗതാഗതം തടസപ്പെടുത്തുന്ന സ്ഥിതിയാണുള്ളത്.
മദ്യശാലയില്‍നിന്നും മദ്യം വാങ്ങി റോഡരികില്‍നിന്ന് മദ്യപിക്കുന്നതായും പരാതിയുണ്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന തട്ടുകടകളും യാത്രക്കാര്‍ക്ക് ദുരിതമാകുകയാണ്. ഈ റോഡിലൂടെ സ്ത്രീകളും കുട്ടികളുമടക്കം ആളുകള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. ഈ റോഡ് പകലും രാത്രിയും ഒരുപോലെ ക്രിമിനല്‍, പിടിച്ചുപറി സംഘങ്ങളുടെ താവളമാണ്.
ഈ ആവശ്യം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പു മന്ത്രിക്ക് പരാതി നല്‍കാനും യോഗം തീരുമാനിച്ചു. വിഷയത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരമുറകള്‍ സ്വീകരിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി സുധീര്‍ ശങ്കരമഗലം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സോണി കുട്ടംപേരൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് ആന്റണി, സിജിന്‍ ജോസഫ് കരിക്കണ്ടത്തില്‍, പ്രമോദ് കക്കാട്, സന്തോഷ് ഏലംകുന്ന്, അലന് കുന്നത്, ജോണ്സണ്, സൈജു മടപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.