അതിരമ്പുഴ തിരുനാളിന് കൊടിയിറങ്ങി
1510478
Sunday, February 2, 2025 6:16 AM IST
അതിരമ്പുഴ: ആയിരക്കണക്കിനു ഭക്തജനങ്ങൾ പങ്കെടുത്ത പ്രദക്ഷിണത്തിനു ശേഷം തിരുസ്വരൂപം പുനഃപ്രതിഷ്ഠിച്ചതോടെ അതിരമ്പുഴ തിരുനാൾ സമാപിച്ചു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ 14 ദിവസമായി നടന്നുവന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന്റെ സമാപനം ഭക്തിനിർഭര ചടങ്ങുകളോടെയായിരുന്നു.
വൈകുന്നേരം 5.30ന് അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കുശേഷമായിരുന്നു തിരുനാളിന് സമാപനം കുറിച്ചുകൊണ്ടുള്ള പ്രദക്ഷിണം. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപത്തോടൊപ്പം ഉണ്ണീശോയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുക്കുടുംബത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുസ്വരൂപങ്ങളും പ്രദക്ഷിണത്തിൽ സംവഹിക്കപ്പെട്ടു.
വലിയപള്ളിയും കുരിശടിയും വലംവച്ചു നടന്ന പ്രദക്ഷിണത്തിൽ പങ്കെടുത്ത ഭക്തജനങ്ങൾ വിശുദ്ധന്റെ തിരുസ്വരൂപത്തെ അനുധാവനം ചെയ്തു. തളിർവെറ്റിലയെറിഞ്ഞും പൂക്കൾ വർഷിച്ചും ഭക്തർ വിശുദ്ധനോടുള്ള ആദരവറിയിച്ചു. പ്രദക്ഷിണത്തിനുശേഷം വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയിറക്കി. തുടർന്നായിരുന്നു തിരുസ്വരൂപ പുനഃപ്രതിഷ്ഠ.
മോണ്ടളത്തിൽ രൂപക്കൂട്ടിലായിരുന്ന തിരുസ്വരൂപം വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിലിന്റെ നേതൃത്വത്തിൽ ആഘോഷപൂർവം അൾത്താരയിൽ കൊണ്ടുവന്നു. പ്രത്യേക പ്രാർഥനകൾക്കുശേഷം തിരുസ്വരൂപം മദ്ബഹയിൽ പുനഃപ്രതിഷ്ഠിച്ച് നടയടച്ചു. ഈ സമയം ദേവാലയ മണികൾ മുഴങ്ങി. വിശ്വാസികൾ പ്രാർഥനാഗീതങ്ങൾ ആലപിച്ചുകൊണ്ടിരുന്നു.
അസിസ്റ്റന്റ് വികാരിമാരായ ഫാ. നവീൻ മാമൂട്ടിൽ, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. ജോബി മംഗലത്ത്കരോട്ട് സിഎംഐ, ഫാ. അലക്സ് വടശേരിൽ സിആർഎം എന്നിവർ തിരുകർമങ്ങളിൽ സഹകാർമികരായിരുന്നു. കൈക്കാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റിൽ, കെ.എം. ചാക്കോ കൈതക്കരി, സെബാസ്റ്റ്യൻ മർക്കോസ് കുഴിന്തൊട്ടിയിൽ, ചെറിയാൻ കുര്യൻ കുഴുപ്പിൽ, പാരീഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി. ജോസ് പ്ലാമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.