കൊണ്ടൂർ കുരിശുപള്ളി-പനയ്ക്കപ്പാലം റോഡ് തകർന്നു
1510354
Sunday, February 2, 2025 4:27 AM IST
ഈരാറ്റുപേട്ട: കൊണ്ടൂര്‍ കുരിശുപള്ളി-പനയ്ക്കപ്പാലം റോഡ് യാത്രായോഗ്യമല്ലാതായി. തിടനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഈ റോഡ് വാഹനം ഓടിക്കാനാകാത്ത വിധം തകര്‍ന്നിരിക്കുകയാണ്.
കുടിവെള്ള പദ്ധതി പൈപ്പ് ലൈനുകള്‍ തുടര്‍ച്ചയായി തകരുന്നതാണ് റോഡ് തകര്‍ച്ചയ്ക്ക് പ്രധാന കാരണം. ജലനിധി പദ്ധതിക്കുവേണ്ടി നിലവാരം കുറഞ്ഞ പൈപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതുമൂലം ഇടയ്ക്കിടെ പൈപ്പ് പൊട്ടുകയാണ്.
പൈപ്പ് നന്നാക്കാന്‍ വേണ്ടി റോഡ് കുഴിച്ചിടുന്നത് നിത്യസംഭവമായിരിക്കുന്നു. ഒരു വാഹനത്തിന് മാത്രം കടന്നുപോകാന്‍ വീതിയുള്ള റോഡില്‍ കുഴിച്ചെടുക്കുന്ന മണ്ണ് കോരിയിടുന്നതോടെ വാഹനഗതാഗതവും ദുഷ്കരമായി.
തിടനാട് റോഡില്‍നിന്നു പനയ്ക്കപ്പാലത്തേയ്ക്കുള്ള എളുപ്പ വഴികൂടിയാണിത്. റോഡ് നന്നാക്കാന്‍ വൈകുന്ന പഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു.