കുറുപ്പന്തറയില്‍ വീട് കുത്തിത്തുറന്ന് 20.5 പവൻ സ്വര്‍ണം കവര്‍ന്നു
1510369
Sunday, February 2, 2025 4:27 AM IST
കടുത്തുരുത്തി: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് അലമാരകളില്‍ സൂക്ഷിച്ചിരുന്ന 20.5 പവന് സ്വര്‍ണം കവര്‍ന്നു. ഇറിഗേഷന്‍ വകുപ്പിലെ റിട്ട. ഓവര്‍സിയര്‍ കുറുപ്പന്തറ ആനിത്തോട്ടത്തില്‍ സേവ്യര്‍ വര്‍ഗീസിന്റെ (സിബി-62) വീട്ടില്‍നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്.
വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇന്നലെ പുലര്‍ച്ചെ 2.40 നും 3.50 നും ഇടയിലാണ് മോഷണം നടന്നതെന്നു മനസിലായി. മുന്‍വശത്തെ വാതിലിന്റെ പലക പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. അലമാരകളിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്.
മോഷണം നടത്തിയശേഷം അടുക്കളവശത്തെ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങിയാണ് മോഷ്ടാവ് പോയതെന്നും കാമറയില്‍ കാണാം. പിതാവ് വര്‍ഗീസ് തനിച്ചു താമസിക്കുന്ന സമീപത്തുതന്നെയുള്ള തറവാട്ടുവീട്ടിലാണ് പതിവായി സിബിയും ഭാര്യ ലീലാമ്മയും രാത്രി ഉറങ്ങുന്നത്.
ഇന്നലെ രാവിലെ എട്ടരയോടെ കുളിക്കാനായി സ്വന്തം വീട്ടിലെത്തിയ സിബി വാതില്‍ തുറക്കുന്നതിനിടെ കതകിന്റെ പാളിയുടെ ഒരുഭാഗം അടര്‍ന്ന് താഴേക്കു വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരം അറിയുന്നത്. രണ്ടുനില വീടിന്റെ നാലു കിടപ്പുമുറികളുടെയും കതകുകള്‍ കുത്തിത്തുറന്ന മോഷ്ടാവ് മുറികളിലെ അലമാരകള്‍ തുറന്നാണ് സ്വര്‍ണം കവര്‍ന്നത്.
അലമാരകളില്‍ ചിലതിന്റെയെല്ലാം താക്കോല്‍ സമീപത്തുതന്നെ ഇരുന്നതും മോഷ്ടാവിന് സൗകര്യമായി. സിബിയുടെ ഭാര്യ ലീലാമ്മയുടെയും മകളുടെയും മരുമകളുടെയും സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. ഡിസംബര്‍ 30നായിരുന്നു സിബിയുടെ മകന് ജോര്‍ജിയുടെ വിവാഹം നടന്നത്.
ജനുവരി 20 ന് മകനും മരുമകളും ബംഗളൂരുവിലേക്ക് പോകുന്നതുവരെ എല്ലാവരും ഈ വീട്ടിലായിരുന്നു താമസം. വിവരമറിഞ്ഞ് കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫിംഗര്‍ പ്രിന്റ്, ഫോറന്‍സിക് വിഭാഗവും വീട്ടിലെത്തി പരിശോധനകള്‍ നടത്തി.