പോലീസുകാരനായ കര്‍ഷകന്റെ വയനാടന്‍ കുള്ളന്തോണ്ടി നെല്‍കൃഷി പരീക്ഷണം വിജയം
1510268
Saturday, February 1, 2025 7:06 AM IST
കടുത്തുരുത്തി: പരീക്ഷണാടിസ്ഥാനത്തില്‍ പോലീസുകാരനായ കര്ഷകന് കല്ലറയില്‍ വിതച്ച വയനാടന്‍ കുള്ളന്തോണ്ടി നെല്‍കൃഷി വിജയം. പരമ്പരാഗത നെല്‍കര്‍ഷകനായ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ കല്ലറ പനപ്പറമ്പില്‍ പി.കെ. രാജേഷ് കുമാറാണ് ആദ്യമായി കല്ലറ മേഖയില്‍ കുള്ളന്തോണ്ടി വിതച്ചത്. ഒന്നര ഏക്കറോളം വരുന്ന പാടത്താണ് രാജേഷ് ഈ കൃഷി നടത്തിയത്.
വയനാട്ടിലെ കര്‍ഷകനായ അജി തോമസിന്റെ പക്കല്‍ നിന്നാണ് രാജേഷ് കുള്ളന്തോണ്ടിയുടെ വിത്ത് സംഘടിപ്പിച്ചത്. 120 ദിവസം കൊണ്ട് വിളവെടുപ്പിന് പാകമായി. ഒന്നര ഏക്കറില്‍ നിന്നും 22 ക്വിന്റല്‍ നെല്ല് കിട്ടിയെന്നും രാജേഷ് പറയുന്നു.
കുള്ളന്‍ തോണ്ടി അല്ലെങ്കില്‍ വയനാടന്‍ തോണ്ടി എന്നറിയപെടുന്ന നെല്‍വിത്ത് വയനാട്ടിലെ ആദിവാസികളുടെ ഇടയില്‍ പ്രചാരത്തിലുള്ള നാടന്‍ നെല്‍വിത്താണ്. രാജേഷിന്റെ പിതാവ് കരുണാകരന് മികച്ച നെല്‍കര്‍ഷകനായിരുന്നു. നാല് വര്‍ഷം മുമ്പ് മരിച്ച അദേഹത്തിന്റെ പാത പിന്തുടര്ന്ന് കാലങ്ങളായി കൃഷി ചെയ്യുന്ന രാജേഷ് ആദ്യമായാണ് കുള്ളന്തോണ്ടി വിത്ത് വിതയ്ക്കുന്നത്.
ജോലി സമയം കഴിഞ്ഞുള്ള സമയം പൂര്‍ണമായും കൃഷിക്കായി ഉപയോഗപെടുത്തുകയാണ് രാജേഷ്. 40 ഇനം പച്ചില തനതു രീതിയില്‍ ചതച്ചെടുത്ത മിശ്രിതത്തില്‍ നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ചേര്‍ത്ത് കുഴച്ചാണ് നെല്വിത്തിടുന്നത്. പിന്നീട് ഇതു ചെറിയ ഉരുളകളായി ഉണക്കിയെടുക്കും.
ഇതിനിടെ നെല്‍വിത്ത് മുളയ്ക്കും. പത്താം ദിവസമാണ് ഒരുക്കിയിട്ടിരിക്കുന്ന പാടത്ത് വിത്ത് വിതയ്ക്കുന്നത്. വളത്തില്‍ പൊതിഞ്ഞ വിത്തുകള്‍ പക്ഷികള്‍ കൊണ്ടു പോകില്ലെന്ന നേട്ടവുമുണ്ട്. കൂടാതെ ഇതു പറിച്ചു നടേണ്ട ആവശ്യവുമില്ല. ഇത്തരത്തിലുള്ള കൃഷി രീതിയെയാണ് കെട്ടി നാട്ടി കൃഷി രീതിയെന്ന് വിളിക്കുന്നത്.
രാജേഷിന്റെ ഭാര്യ അധ്യാപികയായ സുജയും മക്കളായ സായതിയും സര്വതിയും കൃഷിക്കു കട്ട സപ്പോര്‍ട്ട് പിന്തുണയും നല്‍കുന്നുണ്ട്.