നവവധുവിനെ ഉപേക്ഷിച്ച് യുവാവ് മുങ്ങിയെന്നു പരാതി
1510492
Sunday, February 2, 2025 6:23 AM IST
കടുത്തുരുത്തി: വിദേശത്ത് ജോലി ചെയ്യുന്ന യുവാവ് വിവാഹശേഷം വധുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കടുത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഇറ്റലിയില്‍ നഴ്സായി ജോലി ചെയ്യുന്ന റാന്നി സ്വദേശിയായ യുവാവിനെതിരേയാണ് യുവതിയുടെ വീട്ടുകാര്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. യുവാവിന്റെ നാട്ടില്‍ വച്ച് കഴിഞ്ഞ 23നായിരുന്നു ഇരുവരുടെയും വിവാഹം. രോഗബാധിതനായ പിതാവിന്റെ ചികിത്സയുടെ ആവശ്യത്തിനായി എറണാകുളത്തിന് പോവുകയാണെന്നും പിറ്റേന്ന് രാവിലെ മടങ്ങിയെത്താമെന്നും പറഞ്ഞ് വിവാഹപ്പിറ്റേന്ന് രാത്രി പത്തോടെ യുവതിയെ വീടിനു സമീപം ഇറക്കിവിട്ട ശേഷം ഇയാള്‍ കടന്നു കളയുകയായിരുന്നു.
തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്ന് ഇയാള്‍ വിദേശത്തേക്കു കടന്നുകളഞ്ഞെന്നും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. വിദേശത്തേക്കുള്ള മടക്കയാത്രയ്ക്കിടെ പെണ്‍കുട്ടിക്കൊപ്പം മുന്നോട്ട് ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കാട്ടി ഇയാൾ യുവതിയുടെ സഹോദരിക്ക് വാട്സാപ്പില്‍ മെസേജ് അയച്ചെന്നും ബന്ധുക്കള്‍ പറയുന്നു.
യുവതിക്ക്് വീട്ടുകാര്‍ നല്കിയ സ്വര്‍ണവും പണവും ഇയാളുടെ പക്കലാണെന്നും പറയുന്നു. പെണ്‍കുട്ടിയെക്കുറിച്ചു സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായും പരാതിയുണ്ട്.
ഇറ്റലിയില്‍ പൗരത്വമുള്ളയാളാണ് യുവാവെന്നും ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാവൂവെന്നും ഇതിനുള്ള നടപടികള്‍ സ്വീകരിച്ചതായും കടുത്തുരുത്തി എസ്എച്ച്ഒ ടി.എസ്. റെനീഷ് പറഞ്ഞു.