2.5 കോടി രൂപ തട്ടിയെടുത്ത ഇടത് യൂണിയന് ഭാരവാഹിയെ സംരക്ഷിക്കുന്നത് മന്ത്രി വാസവനെന്ന്
1510257
Saturday, February 1, 2025 6:55 AM IST
കോട്ടയം: ക്ഷേമപെന്ഷനില്നിന്നു രണ്ടരക്കോടി രൂപ തട്ടിയെടുത്ത നഗരസഭാ ജീവനക്കാനായ ഇടതു യൂണിയന് ഭാരവാഹിയെ അറസ്റ്റിൽനിന്ന് സംരക്ഷിക്കുന്നത് മന്ത്രി വി.എന്‍.വാസവനാണെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്.
തട്ടിപ്പ് കണ്ടെത്തിയ നഗരസഭാ സെക്രട്ടറിയുടെ പരാതിപ്രകാരം പോലീസ് കേസെടുത്തിട്ട് ആറുമാസം കഴിഞ്ഞിട്ടും ജീവനക്കാരനെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മന്ത്രി വാസവന്റെ സംരക്ഷണമുള്ളതിനാലാണ് പോലീസ് ഇയാളെ ഇതുവരെ പിടികൂടാത്തതെന്നു പറഞ്ഞ നാട്ടകം സുരേഷ്, നഗരസഭയില്‍ നടത്തിയ കോടികളുടെ തട്ടിപ്പ് ചര്‍ച്ചയാകാതിരിക്കാനാണ് നഗരസഭയ്ക്കെതിരേ സിപിഎം പുതിയ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി.
പാവങ്ങളുടെ പിച്ചചട്ടിയില്‍ കയ്യിട്ടുവാരിയ ജീവനക്കാരനെ സംരക്ഷിക്കുന്ന സിപിഎം നടപടി വിവാദമായതോടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് പുതിയ ആരോപണത്തിലൂടെ മന്ത്രിയടക്കമുള്ള നേതാക്കളുടെ ശ്രമമെന്നും നാട്ടകം സുരേഷ് കൂട്ടിച്ചേർത്തു.