കുട്ടികളുടെ ആശുപത്രി പ്രവേശന കവാടം ഇരുട്ടിൽ
1510264
Saturday, February 1, 2025 6:55 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയുടെ പ്രവേശന കവാടത്തിലെ വഴിവിളക്കുകൾ തെളിയുന്നില്ല. ഇതേത്തുടർന്ന് രോഗികളുടെ ബന്ധുക്കൾ ഇരുട്ടിൽ തപ്പുന്നു. പ്രവേശന കവാടത്തിന് സമീപത്തായി രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ ഉണ്ടെങ്കിലും രണ്ടും പ്രവർത്തന രഹിതമാണ്. രാത്രികാലങ്ങളിൽ ഇവിടം ഇരുട്ടിലായിരിക്കുന്നത് മരുന്നിനും ഭക്ഷണത്തിനുമൊക്കെ പുറത്തു പോകേണ്ടിവരുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
രാത്രിയിൽ രോഗികളായ കുഞ്ഞുങ്ങളുമായി വരുന്ന ആംബുലൻസുകൾക്കു വഴി തെറ്റുന്നതും നിത്യസംഭവമാണ്. വഴിവിളക്കുകളുടെ തകരാർ പരിഹരിക്കണമെന്ന് നിരന്തരം ആവശ്യം ഉയർന്നിട്ടും ബന്ധപ്പെട്ട അധികാരികൾ അനങ്ങപ്പാറനയമാണെടുക്കുന്നതെന്ന് ചികിത്സയിലുള്ള കുഞ്ഞുങ്ങളുടെ ബന്ധുക്കളും സമീപത്തെ ഓട്ടോ തൊഴിലാളികളും പറയുന്നു.