കുറവിലങ്ങാട് പഞ്ചായത്ത് വികസനസെമിനാറിൽ കൈയേറ്റത്തെച്ചൊല്ലിയുള്ള പരാതി യഥാർഥ കൈയേറ്റത്തിലെത്തി
1510273
Saturday, February 1, 2025 7:06 AM IST
കുറവിലങ്ങാട്: പഞ്ചായത്ത് പ്രദേശത്തെ വിവിധ റോഡുകളുടെ കൈയേറ്റം സംബന്ധിച്ച ആക്ഷേപങ്ങൾ ഒടുവിൽ കൈയേറ്റത്തിലും വാക്കേറ്റത്തിലും കലാശിച്ചു. കുറവിലങ്ങാട് പഞ്ചായത്ത് വികസന സെമിനാറിലാണ് ആരോപണ പ്രത്യാരോപണങ്ങൾക്ക് തുടക്കമിട്ടത്. പഞ്ചായത്ത് അഞ്ചാം വാർഡിലെ ഇടയാലി-നരിവേലി റോഡിലും ഒറ്റക്കണ്ടം-തേക്കുടി റോഡിലും കൈയേറ്റങ്ങൾ നടന്നതായുള്ള പരാതികൾ സെമിനാറിൽ ഉന്നയിക്കപ്പെട്ടു.
വികസന സെമിനാറിന്റെ വേദിയിലെത്തി കേരള കോൺഗ്രസ്-എം വാർഡ് പ്രസിഡന്റ് സിറിൾ ചെമ്പനാനിയുടെ നേതൃത്വത്തിൽ മർദിച്ചതായാണ് പഞ്ചായത്ത് പ്രസിഡന്റ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. പ്രസിഡന്റിന്റെ തോളിൽ സിറിൾ കൈ കൊണ്ട് അടിച്ചതായും സമീപത്തുണ്ടായിരുന്ന വൈസ് പ്രസിഡന്റ് തടസം പിടിച്ചതായും സെമിനാറിനെത്തിയവർ ഇടപെട്ടാണ് സിറിളിനെയും സംഘാംഗങ്ങളെയും പിന്തിരിപ്പിച്ചതെന്നും പ്രസിഡന്റ് മിനി മത്തായി നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ വികസന സെമിനാറിൽ ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് ഭീഷണിയും അസഭ്യവർഷവും നടത്തിയതായി സിറിൾ ചെമ്പനാനി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. റോഡ് കൈയേറ്റം നടത്തിയവർക്ക് അനുകൂലമായി പ്രസിഡന്റ് നിലപാടെടുത്ത് സംബന്ധിച്ചാണ് ചോദ്യം ചെയ്തതെന്നും സിറിളിന്റെ പരാതിയിൽ പറയുന്നുണ്ട്.
അഭിപ്രായസ്വാതന്ത്ര്യം നിഷേധിച്ച നടപടിയിൽ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.