വീണു പരിക്കേറ്റ കുട്ടിയുടെ തലയിൽ തുന്നലിട്ടത് ടോർച്ച് വെളിച്ചത്തിൽ
1510488
Sunday, February 2, 2025 6:23 AM IST
വൈക്കം: വീട്ടിൽ വീണ് തലയ്ക്ക് പരിക്കേറ്റ പതിനൊന്നുകാരന് വൈക്കം താലൂക്ക് ആശുപത്രിയിൽ മുറിവ് വൃത്തിയാക്കിയത് മാതാപിതാക്കളുടെ മൊബൈൽ വെളിച്ചത്തിൽ. ഡ്രസിംഗ് റൂമിൽനിന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിയുടെ തലയിലെ മുറിവിൽ ഡോക്ടർ തുന്നലിട്ടത് ടോർച്ചിന്റെ വെളിച്ചത്തിൽ.
വൈക്കം താലൂക്ക് ആശുപത്രിയിൽ ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. ചെമ്പ് കുമ്പേൽ സുജിത്ത് സുരഭി ദമ്പതികളുടെ മകൻ ദേവതീർഥിനെയാണ് വീട്ടിൽ വീണ് പരിക്ക് പറ്റിയതിനെത്തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ ആ സമയം വൈദ്യുതി ഇല്ലാതിരുന്നതിനാൽ ഡ്രസിംഗ് റൂമിലെത്തിച്ച കുട്ടിയെ ആശുപത്രി ജീവനക്കാരൻ വെളിച്ചമില്ലാതിരുന്നതിനാൽ മാതാപിതാക്കളുടെ മൊബൈൽ വെളിച്ചത്തിൽ മുറിവ് വൃത്തിയാക്കിയത്.
പിന്നീട് അത്യാഹിത വിഭാഗത്തിൽ ഡോക്ടറുടെ അടുത്തെ ത്തിച്ചപ്പോൾ ഇരുട്ടായതിനാൽ ഡോക്ടർ കുട്ടിയെ ജനലിനടുത്തിരുത്തി ടോർച്ചിന്റെ വെളിച്ചത്തിൽ തുന്നലിടുകയാ യി രുന്നു. ആശുപത്രിയിൽ വൈദ്യുതി ഇല്ലാതായാൽ സാമ്പത്തിക പരാധീനത മൂലം പലപ്പോഴും ജനറേറ്റർ പ്രവർത്തിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.