രാജരഥമുരുണ്ട വൈക്കത്തെ വീഥികളിൽ 26ന് അംബാസഡർ കാറുകളുടെ സംഗമം
1497144
Tuesday, January 21, 2025 7:20 AM IST
വൈക്കം: തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ രഥചക്രങ്ങളുരുണ്ട വൈക്കത്തെ രാജവീഥികൾ ഈ റിപ്പബ്ലിക് ദിനത്തിൽ അംബാസഡർ കാറുകൾ നിരനിരയായി എത്തും. രാജ്യം റിപ്പബ്ലിക്കായതിന്റെ 76-ാം വാർഷിക ദിനത്തിൽ ഒത്തൊരുമയുടെ സന്ദേശമുയർത്തിയാണ് കായലോര ബീച്ചിൽ ആംബ്രോസ് എന്ന വാട്ട്സ് ആപ് കൂട്ടായ്മ അംബാസഡർ കാറുകളുടെ സംഗമത്തിന് വേദിയൊരുക്കുന്നത്.
കോട്ടയം ജില്ലയിൽ അംബാസഡർകാറുകളെ സ്നേഹിക്കുകയും ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന നിരവധി പേർ കൂട്ടായ്മയിൽ അംഗങ്ങളാണ്.
26ന് ഉച്ചകഴിഞ്ഞ് രണ്ടിന് വൈക്കം വെള്ളൂർ മൂർക്കാട്ടിപ്പടി കെപിപിഎൽ റോഡിൽനിന്ന് അംബാസഡർ കാറുകളുടെ റോഡ് ഷോ ആരംഭിക്കും. വൈകുന്നേരം നാലോടെ വൈക്കം കായലാര ബീച്ചിൽ കാറുകൾ എത്തിച്ചേരും. മുമ്പും ഈ കൂട്ടായ്മ ഇത്തരം ഒത്തുചേരലുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയും മറ്റ് സന്നദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടും ഈ കൂട്ടായ്മ സാമൂഹിക പ്രതിബദ്ധത കാട്ടിയിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തിലെ അംബാസഡറുകളുടെ സംഗമത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9539769826, 9605570043, 96055 36291 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.