ആചാരനിറവിൽ തിരുസ്വരൂപ പ്രതിഷ്ഠ
1497207
Tuesday, January 21, 2025 8:15 AM IST
അതിരമ്പുഴ: നാലു നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന അതിരമ്പുഴ തിരുനാളിന്റെ പരമ്പരാഗതമായ ആചാരങ്ങളുടെ നിറവിലാണ് പതിവുപോലെ ഇന്നലെയും തിരുസ്വരൂപ പ്രതിഷ്ഠ നടത്തിയത്.
വലിയപള്ളിയുടെ മദ്ബഹയിലെ പ്രത്യേകനടയിൽ സ്ഥിരമായി പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം രാവിലെ 7.15ന് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിലിന്റെയും അസിസ്റ്റന്റ് വികാരിമാരായ ഫാ. ടോണി കോയിൽപറമ്പിൽ, നവീൻ മാമൂട്ടിൽ, ഫാ. ജോബി മംഗലത്ത്കരോട്ട്, ഫാ. അലക്സ് വടശേരിൽ എന്നിവരുടെയും നേതൃത്വത്തിൽ പുറത്തെടുത്തു.
തിരുസ്വരൂപത്തിൽ പരമ്പരാഗതമായി അണിയിക്കുന്ന ആഭരണങ്ങൾ അടങ്ങുന്ന പേടകം പള്ളി ഓഫീസിലെ സ്ട്രോംഗ് റൂമിൽനിന്ന് കൈക്കാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റിൽ, കെ.എം. ചാക്കോ കൈതക്കരി, സെബാസ്റ്റ്യൻ മർക്കോസ് കുഴിംതൊട്ടിയിൽ, ചെറിയാൻ കുര്യൻ കുഴുപ്പിൽ എന്നിവർ ചേർന്ന് ആഘോഷമായി എത്തിച്ച് മദ്ബഹയ്ക്കു മുന്നിൽ വച്ച് വികാരിക്ക് കൈമാറി. വികാരിയുടെയും അസിസ്റ്റന്റ് വികാരിമാരുടെയും നേതൃത്വത്തിൽ തിരുസ്വരൂപത്തിൽ ആഭരണങ്ങൾ അണിയിച്ചു.
വികാരി കൈമാറിയ തിരുസ്വരൂപം കൈക്കാരന്മാർ ചേർന്ന് മോണ്ടളത്തിലേക്ക് സംവഹിച്ചു. അവിടെ വച്ച് വൈദികർ ചേർന്ന് വിശുദ്ധന്റെ തിരുസ്വരൂപം രൂപക്കൂട്ടിൽ പ്രതിഷ്ഠിച്ചു.
ദേശക്കഴുന്നിൽ ഭക്തജന പ്രവാഹം
ദേശക്കഴുന്നിന്റെ ആദ്യദിനമായ ഇന്നലെ പടിഞ്ഞാറും ഭാഗത്തിന്റെ പ്രദക്ഷിണമാണ് നടന്നത്. അമ്മഞ്ചേരി കവലയിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം ഓട്ടക്കാഞ്ഞിരം വഴി യൂണിവേഴ്സിറ്റി ജംഗ്ഷനിലെത്തി. മാന്നാനം 12 ശ്ലീഹന്മാരുടെ പള്ളിയിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം വേലംകുളം കുരിശടി വഴി യൂണിവേഴ്സിറ്റി ജംഗ്ഷനിലെത്തി. അവിടെ വച്ച് ഇരു പ്രദക്ഷിണങ്ങളും സംഗമിച്ചു.
അതിരമ്പുഴ വലിയപള്ളിയിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം ഇടവകയുടെ പടിഞ്ഞാറേ ഭാഗങ്ങളിലൂടെ ചന്തക്കവലയിലെത്തി യൂണിവേഴ്സിറ്റി ഭാഗത്തു നിന്നും എത്തിയ പ്രദക്ഷിണവുമായി സംഗമിച്ച് ചെറിയപള്ളിയിൽ എത്തി സമാപിച്ചു.
ജനറൽ കൺവീനർ ജയിംസ് മൂലക്കാട്ട്, കൺവീനർമാരായ ബിനു മാതിരമ്പുഴ, ബിനോയ് മാങ്ങാപ്പറമ്പിൽ, ജോർജ് പഴയപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകി.ഇന്നു തെക്കുംഭാഗത്തിന്റെ ദേശക്കഴുന്ന് നടക്കും.
ചാണകം മെഴുകൽ നേർച്ചയ്ക്കായി വിശ്വാസികൾ
അതിരമ്പുഴ തിരുനാളിനോടനുബന്ധിച്ച് പരമ്പരാഗതമായി വിവിധ മതസ്ഥരായ ഭക്തജനങ്ങൾ നടത്തിപ്പോരുന്ന ചാണകം മെഴുകൽ നേർച്ചയ്ക്ക് ഇത്തവണയും നൂറുകണക്കിന് വിശ്വാസികൾ എത്തി. സന്താന സൗഭാഗ്യത്തിനും രോഗസൗഖ്യത്തിനുമായാണ് ഭകതജനങ്ങൾ പ്രധാനമായും ഈ നേർച്ചക്കണയുന്നത്.
വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള ചെറിയ പള്ളിയുടെ മുൻവശത്തുള്ള നടയിലാണ് ചാണകം മെഴുകൽ നടക്കുന്നത്. ഞായറാഴ്ച രാത്രി 10 മണി മുതൽ ഇന്നലെ രാവിലെ എട്ടുവരെ നേർച്ചയ്ക്കായി ഭക്തജനങ്ങൾ എത്തിക്കൊണ്ടിരുന്നു.