സക്കറിയാസ് തുടിപ്പാറയ്ക്ക് നൂറാം പിറന്നാൾ ആശംസയുമായി പി.ജെ. ജോസഫ് എംഎൽഎ
1496972
Tuesday, January 21, 2025 12:01 AM IST
ഈരാറ്റുപേട്ട: കേരള കോൺഗ്രസിന്റെ സ്ഥാപക പ്രവർത്തകനും പൂഞ്ഞാർ നിയോജകമണ്ഡലം മുൻ പ്രസിഡന്റും കർഷക നേതാവുമായ സക്കറിയാസ് തുടിപ്പാറയ്ക്ക് നൂറാം പിറന്നാൾ ആശംസയുമായി പി.ജെ. ജോസഫ് എംഎൽഎ എത്തി. ഇന്നലെ കൊണ്ടൂരിലുള്ള സക്കറിയാസ് തുടിപ്പാറയുടെ വീട്ടിലെത്തി കേക്കും മുറിച്ചാണ് പി.ജെ. ജോസഫ് മടങ്ങിയത്.
കേരള കോൺഗ്രസിന്റെ ആരംഭം മുതൽ സജീവ പ്രവർത്തകനും സംഘാടകനുമായിരുന്നു സക്കറിയാസ് തുടിപ്പാറ. പൂഞ്ഞാറിൽ കേരള കോൺഗ്രസിനെ കെട്ടിപ്പെടുക്കുന്നതിൽ സജീവമായ നേതൃത്വം നൽകിയവരിൽ പ്രമുഖ സ്ഥാനത്താണു സക്കറിയാസ് തുടിപ്പാറയുടെ സ്ഥാനം. സജീവ രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും കർഷകരെയും കർഷക പെൻഷൻകാരെയും ഏകോപിപ്പിക്കുന്നതിനു നൂറാംവയസിലും നേതൃത്വം നൽകുകയാണ് സക്കറിയാസ് തുടിപ്പാറ. മാണി സി. കാപ്പൻ എംഎൽഎയും ഇന്നലെ അനുമോദനവുമായി എത്തിയിരുന്നു.
നൂറാം പിറന്നാളാഘോഷത്തിന്റെ ഭാഗമായുള്ള അനുമോദന യോഗം ഇന്ന് അരുവിത്തുറ പള്ളി പാരിഷ് ഹാളിൽ നടത്തും.