ശബരിമല സീസൺ അവസാനിച്ചു; ഇനി ലാഭനഷ്ടക്കണക്ക്
1496968
Tuesday, January 21, 2025 12:01 AM IST
എരുമേലി: രണ്ടര മാസത്തെ ഉത്സവകാലം ഇന്നലെ പര്യവസാനിച്ചതോടെ ആലസ്യത്തിൽ നാട്. 24ഓളം പാർക്കിംഗ് ഗ്രൗണ്ടുകളും സിന്ദൂരം, ശരക്കോൽ കച്ചവടങ്ങളും നൂറുകണക്കിന് ചെണ്ടയടികാരും അതിലേറെ ഹോട്ടൽ തൊഴിലാളികളും ഉൾപ്പെടെ ആയിരക്കണക്കിന് പേർ ഉപജീവനം തേടിയ സീസനാണ് ഇന്നലെ സമാപിച്ചത്.
വൻ തുക ലേലമായും വാടകയായും നൽകി വാനോളം പ്രതീക്ഷയോടെ സീസൺ കച്ചവടം നടത്തുന്ന നൂറുകണക്കിന് ആളുകളുണ്ട്. അവരിലെല്ലാം ഇത്തവണ വലിയ ലാഭത്തിന്റെ ലക്ഷണങ്ങളില്ല. അര കോടിയും അതിലേറെയും മുടക്കിയാണ് ദേവസ്വം ബോർഡിന്റെ പാർക്കിംഗ് ഗ്രൗണ്ടുകൾ ലേലത്തിലൂടെ ലഭിച്ചത്. എന്നാൽ, പാർക്കിംഗ് ഫീസ് തുക ജില്ലാ ഭരണകൂടം ഇടപെട്ട് നിശ്ചയിച്ചത് തുച്ഛമായ നിരക്കിലാണെന്നും അതുകൊണ്ട് വരുമാനം കുറഞ്ഞെന്നും ചിലർ പരിതപിക്കുന്നു. എന്നാൽ, സർക്കാർ നിരക്കിനേക്കാൾ ഉയർന്ന തുകയാണ് പാർക്കിംഗിൽ ഈടാക്കിയതെന്ന് നിരവധി ഭക്തരാണ് പരാതിപ്പെട്ടത്. ബാത്ത് റൂം, ടോയ്ലെറ്റ് ഉപയോഗത്തിനും ഇരട്ടി തുക വാങ്ങിയെന്നും ഒട്ടനവധി ഭക്തർ പരാതി അറിയിച്ചിരുന്നു.
പേട്ടതുള്ളൽ സാമഗ്രികളുടെ വിലവിവരം കച്ചവടക്കാർ പ്രദർശിപ്പിച്ച കാഴ്ചയുണ്ടായില്ല. രണ്ട് ചായയ്ക്ക് 60 രൂപ വാങ്ങിയെന്ന് പോലീസുകാർ വരെ പരാതിപ്പെട്ടു. പകുതിയോളം പാർക്കിംഗ് ഗ്രൗണ്ടുകളും പഞ്ചായത്ത് ലൈസൻസ് നേടാതെയാണ് പ്രവർത്തിച്ചതെന്നുവരെ പരാതി ഉയർന്നു. പാർക്കിംഗ് ഗ്രൗണ്ടുകളിൽ രണ്ടുതരം പാസ് നൽകിയാണ് ഫീസ് പിരിച്ചതെന്ന ഒട്ടേറെ തെളിവുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പരിശോധകസംഘം വരുമ്പോൾ ഔദ്യോഗിക പാസും അല്ലാത്തപ്പോൾ അമിത നിരക്കിലും തുക ഈടാക്കിയാണ് പാർക്കിംഗ് ഗ്രൗണ്ടുകളിൽ ഫീസ് വാങ്ങിയിരുന്നത്. കാനനപാതയിൽ ഇത്തവണ വൻ നഷ്ടമാണ് ഉണ്ടായതെന്ന് കച്ചവടക്കാർ പറഞ്ഞു.