കൃഷി ഓഫീസറില്ലാതെ അഞ്ച് മാസം: പരിഹാരം കാണാതെ അധികൃതര്‍
1497147
Tuesday, January 21, 2025 7:20 AM IST
പെരുവ: കൃഷി ഓഫീസര്‍ ഇല്ലാതായിട്ട് അഞ്ച് മാസം പിന്നിടുകയാണെങ്കിലും പ്രതിസന്ധിക്ക് പരിഹാരം കാണാതെ പഞ്ചായത്ത് അധികൃതര്‍.
കൃഷി ഓഫീസറുടെ സേവനം ഇല്ലാതായതോടെ കര്‍ഷകര്‍ ദുരിതക്കയത്തില്‍. മുളക്കുളം കൃഷിഭവനിലെ കൃഷി ഓഫീസറാണ് അഞ്ച് മാസം മുമ്പ് അവധിയില്‍ പ്രവേശിച്ചത്.
നാളിതുവരെയായിട്ടും ഇദേഹം തിരിച്ചെത്തിയില്ല. ഇതിനിടെയില്‍ രണ്ട് കൃഷി ഓഫീസര്‍മാരാണ് ഇവിടെ പകരത്തിനെത്തിയത്. പകരത്തിനെത്തിയ തലയോലപ്പറമ്പിലെ കൃഷി ഓഫീസര്‍ ഇവിടെ ജോലി കൂടുതലായതിനാല്‍ തിരിച്ചു പോവുകയായിരുന്നു. ഇപ്പോള്‍ ഞീഴൂര്‍ കൃഷി ഓഫീസര്‍ക്കാണ് ചാര്‍ജ് കൊടുത്തിരിക്കുന്നത്. എന്നാല്‍ ഇവരും യഥാസമയം മുളക്കുളം ഓഫീസിലെ കാര്യങ്ങള്‍ നോക്കുവാന്‍ ബുദ്ധിമുട്ടുകയാണ്.
ഏറ്റവും കൂടുതല്‍ നെല്‍കൃഷിയും മറ്റു കൃഷികളുമുള്ള മുളക്കളത്ത് കൃഷി ഓഫീസര്‍ ഇല്ലാത്തത് കര്‍ഷകരെയും കൃഷി ഓഫീസറുടെ സേവനം ആവശ്യമുള്ളവരെയും ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്.
ആകെ രണ്ട് ജീവനക്കാരാണ് ഇപ്പോള്‍ കൃഷിഭവനിലുള്ളത്. നെല്‍കൃഷിയുടെ ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട സ്ഥലം സന്ദര്‍ശിക്കേണ്ടിവരുമ്പോള്‍ ഓഫീസ് അടച്ചിടേണ്ട അവസ്ഥയാണ്.
കഴിഞ്ഞദിവസം എംവിഐപിയുടെ കനാല്‍ തുറന്നുവിട്ട് അധികവെള്ളം പാടത്തേക്ക് കയറിയപ്പോള്‍ മുങ്ങിയത് 10 ഏക്കറോളം നെല്‍കൃഷിയാണ്.
ഇതുപോലുള്ള പ്രശ്നങ്ങള്‍ ആരോട് പറയുമെന്നറിയാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. വ്യക്തിപരമായ കാരണങ്ങളാല്‍ അവധിയില്‍ പോയ കൃഷി ഓഫീസര്‍ അവധി നീട്ടുകയാണ്. എന്നാല്‍ ഇതിന് പരിഹാരം കാണേണ്ട പഞ്ചായത്ത് അധികൃതര്‍ അതിന് ശ്രമിക്കുന്നില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.