എന്‍എച്ച്-183 ചെങ്ങന്നൂര്‍-കോട്ടയം റീച്ച് ടാറിംഗ് നടപടികള്‍ ഇഴയുന്നു
1497199
Tuesday, January 21, 2025 8:15 AM IST
ചങ്ങനാശേരി: എന്‍എച്ച് 183യില്‍ (എംസി റോഡ്) ചെങ്ങന്നൂര്‍ വേളാവൂര്‍ ജംഗ്ഷന് മുതല്‍ കോട്ടയം ഐഡ ജംഗ്ഷന്‍വരെയുള്ള റോഡ് നവീകരണ ജോലികള്‍ക്ക് വേഗത പോരെന്ന് ആക്ഷേപം ഉയരുന്നു. മഴക്കാലത്ത് ടാറിംഗ് ജോലികള്‍ നടത്താനാവില്ലെന്നാണ് എന്‍എച്ച് വിഭാഗം അധികൃതര്‍ ഇതുവരെ ആവര്‍ത്തിച്ചിരുന്നത്. മഴ മാറിയിട്ടും റോഡ് നിര്‍മാണം നടക്കാത്തതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
സംസ്ഥാനത്തെതന്നെ അതിപ്രധാനപ്പെട്ട ഈ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ ടാറിംഗ് തകര്‍ന്ന് ഗതാഗതം ദുരിതമായി തുടരുകയാണ്. ഈ റോഡിലെ തിരുവല്ല, പെരുന്തുരുത്തി, ചങ്ങനാശേരി, ചിങ്ങവനം, നാട്ടകം തുടങ്ങിയ ജംഗ്ഷനുകളില്പ്പോലും ഡിവൈഡര്‍ ലൈനുകളും സീബ്രാ ക്രോസിംഗുകളും മാഞ്ഞിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.
റോഡിന്റെ നവീകരണത്തിനായി കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം 2022 ഫെബ്രുവരിയില്‍ 39.48 കോടി രൂപ അനുവദിച്ചിരുന്നു. 2023ല്‍ ഈ റോഡിന്റെ നിര്‍മാണം ഒരു കരാറുകാരനു ടെന്‍ഡര്‍ നല്‍കിയെങ്കിലും ഇയാള്‍ നിര്‍മാണം ഏറ്റെടുക്കാതെ വന്നതോടെ റോഡ് നിര്‍മാണം പ്രതിസന്ധിയിലാകുകയായിരുന്നു. ഈ കരാറുകാരനെ ഒഴിവാക്കി 2024 ഫെബ്രുവരിയില്‍ പുതിയ കരാറുകാരന് നിര്‍മാണ ജോലികള്‍ നല്‍കിയിരുന്നു. തുടര്‍ച്ചയായി പെയ്ത മഴ നിര്‍മാണ ജോലികളെ തടസപ്പെടുത്തിയെന്നാണ് എന്‍എച്ച് അധികൃതര്‍ പറയുന്നത്.
ആവശ്യമുള്ളിടത്ത് ബിഎം ടാറിംഗും ബാക്കി മുഴുവന്‍ ഭാഗത്തും ബിസി നിലവാരത്തിലുമുള്ള ടാറിംഗും നടത്തുന്ന ജോലികളാണ് കരാര്‍ നല്‍കിയിരിക്കുന്നത്. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ലെവലിംഗ്, കലുങ്ക് ബലപ്പെടുത്തല്‍, ഫുട്പാത്തിലെ ഇന്റര്‍ലോക്കിന്റെ അറ്റകുറ്റ പണികള്‍ തുടങ്ങിയ ജോലി പൂര്‍ത്തിയായി വരികയാണെന്ന് നിര്‍മാണ ചുമതലയുള്ള എന്‍എച്ച് കൊല്ലം ഡിവിഷന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
ടാറിംഗ് ജോലികള്‍ അടുത്താഴ്ചയോടെ ആരംഭിക്കുമെന്നും കരാര്‍ കാലാവധി ഏപ്രില്‍ മുപ്പതുവരെയുള്ളതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. റോഡിന്റെ 35 കിലോമീറ്റര്‍ വരുന്ന ഭാഗത്താണ് റോഡ് ടാറിംഗ് നടപ്പാക്കുന്നത്.