ഓടയില്‍ ഒഴുക്ക് തടസപ്പെട്ടു; അടിയന്തര പിഡബ്ല്യുഡി ഇടപെടല്‍ വേണം
1497197
Tuesday, January 21, 2025 8:15 AM IST
ചങ്ങനാശേരി: ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷന് ദുര്‍ഗന്ധപൂരിതം. വ്യാപാരികളുടേയും ഓട്ടോത്തൊഴിലാളികളുടേയും പരാതിയെത്തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗം തൊഴിലാളികള്‍ ഓടപൊളിച്ചു പരിശോധിച്ചപ്പോഴാണ് ഒഴുക്ക് തടസപ്പെട്ടതായി കണ്ടെത്തിയത്.
സെന്‍ട്രല്‍ ജംഗ്ഷനില്‍ വാഴൂര്‍ റോഡിന്റെ തുടക്കത്തില്‍ വാഴപ്പള്ളി സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ സ്റ്റോറിനു സമീപത്താണ് ഓടയുടെ ഒഴുക്ക് തടസപ്പെട്ടിരിക്കുന്നത്. മലിനജലം ഒഴുകാന്‍ ഓടയില്ലെന്നാണ് കണ്ടെത്തല്‍.
ഇതുമൂലം ശുചീകരണത്തിനെത്തിയ തൊഴിലാളികള്‍ക്ക് തുടര്‍ജോലികള്‍ ചെയ്യാനാകാതെ മടങ്ങേണ്ടി വന്നു. ഒഴുക്ക് തടസപ്പെട്ടിരിക്കുന്നത് മഴക്കാലത്ത് സെന്‍ട്രല്‍ ജംഗ്ഷനില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ ഓടയിലൂടെ വിവിധ കേബിളുകള്‍ കടന്നുപോകുന്നുണ്ട്.
ഈ സാഹചര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അടിയന്തരമായി ഇടപെട്ട് ഒഴുക്ക് തടസം പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.