ബൈപാസ് ബഹിഷ്കരണം: കുറവിലങ്ങാട്ട് അപകടങ്ങൾ തുടർക്കഥ
1496970
Tuesday, January 21, 2025 12:01 AM IST
കുറവിലങ്ങാട്: കെ.ആർ. നാരായണൻ ബൈപാസ് ബഹിഷ്കരിച്ചുള്ള ബസുകളുടെ മത്സരഓട്ടം അപകടങ്ങൾക്കും വഴിതെളിക്കുന്നു. വൈക്കം-പാലാ റൂട്ടിലോടുന്ന ബസുകളിലേറെയും ബൈപാസിലെത്താതെ നേരിട്ട് പോകുന്ന പതിവാണ് തുടരുന്നത്. കോടതി നിർദേശം മറികടന്നാണ് ഈ ബഹിഷ്കരണമെങ്കിലും ഇക്കാര്യത്തിൽ പോലീസും മോട്ടോർ വാഹനവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാര്യമായി ഇടപെടൽ നടത്താൻ തയാറാകുന്നില്ല.
ഇതിനിടെ ചില ബസുകൾ പള്ളിക്കവലയിലെ ബസ് ടെർമിനലിലെത്തി തിരിയുന്നത് വലിയ അപകടങ്ങൾക്ക് വഴിതെളിക്കുന്നുണ്ട്. ഇന്നലെ പള്ളിക്കവലയിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. സ്വകാര്യബസ് ബസ് സ്റ്റാൻഡിലേക്ക് കയറിയതാണ് അപകടത്തിന് വഴിതെളിച്ചതെന്ന് ദൃക്സാക്ഷികളിൽ ചിലർ പറയുന്നു. എന്നാൽ ബൈക്ക് യാത്രികൻ തെറ്റായ ദിശയിലാണ് എത്തിയതെന്നും പറയപ്പെടുന്നു.
നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.