ഇ.എം. ദേവസ്യാസാറിന് നാടിന്റെ യാത്രാമൊഴി
1496974
Tuesday, January 21, 2025 12:01 AM IST
പ്ലാശനാൽ: അധ്യാപനത്തിന് താരതമ്യമില്ലാത്ത പാഠപുസ്തകമായിരുന്ന ഈരൂരിക്കൽ ഇ.എം. ദേവസ്യാസാറിന് നാട് അന്ത്യയാത്രാമൊഴി നൽകി. പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ നടന്ന സംസ്കാരശുശ്രൂഷകൾക്ക് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കാർമികത്വം വഹിച്ചു. സഭയ്ക്കും സമുദായത്തിനും മാത്രമല്ല പൊതുസമൂഹത്തിനും സാറിന്റെ ശ്രേഷ്ഠമായ സേവനങ്ങൾ മാതൃകാപരമായിരുന്നുവെന്ന് മാർ കല്ലറങ്ങാട്ട് അനുസ്മരിച്ചു.
രണ്ടു പതിറ്റാണ്ടിലേറെ അധ്യാപകനായും 13 വർഷക്കാലം പ്രഥമാധ്യാപകനായും വിവിധ സ്കൂളുകളിൽ ശ്രദ്ധേയമായ സേവനം ചെയ്ത പ്രിയ ഗുരുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വലിയ ശിഷ്യഗണം ഒഴുകിയെത്തി. സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ സംസ്കാരശുശ്രൂഷയിൽ പങ്കെടുത്തു.
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ഭവനത്തിലെത്തി അനുശോചനം അർപ്പിച്ച് പ്രാർഥിച്ചു. വീട്ടിലെ ശുശ്രൂഷകൾക്ക് ഫാ. മാനുവൽ തേക്കുംകാട്ടിൽ കാർമികത്വം വഹിച്ചു. പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തിൽ, വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, ചാൻസലർ ഫാ. ജോസഫ് കുറ്റിയാങ്കൽ തുടങ്ങി ഒട്ടേറെ വൈദികർ, സന്യസ്തർ എന്നിവർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
ജോസ് കെ. മാണി എംപി, മാണി സി. കാപ്പൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് മെംബർമാരായ ഷോൺ ജോർജ്, രാജേഷ് വാളിപ്ലാക്കൽ, പി.സി. ജോർജ് എക്സ് എംഎൽഎ, പ്രഫ. വി.ജെ. ജോസഫ് എക്സ് എംഎൽഎ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.