ലുമിനാരിയ: വനമുത്തശ്ശി പാലായില്‍
1496973
Tuesday, January 21, 2025 12:01 AM IST
പാലാ: പത്മശ്രീ പുരസ്കാര ജേതാവും ഫോക്ലോര് അക്കാദമി വിസിറ്റിംഗ് പ്രഫസറും ആദിവാസി വൈദ്യത്തിലൂടെ പ്രശസ്തയുമായ തിരുവനന്തപുരം കല്ലാര്‍ മുട്ടമൂട്ട് സ്വദേശിനി ലക്ഷ്മിക്കുട്ടിയമ്മ ഇന്നലെ പാലാ സെന്റ് തോമസ് കോളജിലെ ലുമിനാരിയ അക്ഷരോത്സവ വേദിയിലെത്തി. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവരുമായി സംവദിക്കുകയും കാട്ടിലെ ആചാരാനുഷ്ഠാനങ്ങള്‍, കൃഷിരീതി, ഭക്ഷണക്രമം, ജീവിതശൈലി തുടങ്ങിയ വിവിധ തലങ്ങളും അവയുടെ പ്രത്യേകതകളും വിശദമാക്കുകയും ചെയ്തു.
കേട്ടറിവ്, കണ്ടറിവ്, കൊണ്ടറിവ് എന്നിങ്ങനെയാണ് അറിവിന്റെ വളര്‍ച്ചാഘട്ടം എന്ന് ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു. വിഷചികിത്സകളെക്കുറിച്ചും അവയ്ക്കുള്ള മരുന്നുകളുടെ ഉപയോഗക്രമത്തെക്കുറിച്ചും അവര്‍ വിശദീകരിച്ചു. 81ന്റെ നിറവിലും നാട്ടുവൈദ്യം ഉള്‍പ്പെടെയുള്ള പാരമ്പര്യചികിത്സാരീതികളെക്കുറിച്ചും തന്റെ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കാന്‍ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് ഉത്സാഹമാണ്.
കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ലക്ഷ്മിക്കുട്ടിയമ്മയെ ആദരിച്ചു. അക്ഷരോത്സവം കണ്‍വീനര്‍ ഡോ. തോമസ് സ്കറിയ, ഡോ. ആന്റോ മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്കി.
വിസ്മയങ്ങളൊരുക്കി
സെന്റ് തോമസ് കോളജ് ലൈബ്രറി
പാലാ: സന്ദര്‍ശകര്‍ക്ക് കൗതുകവും വിസ്മയവും നിറഞ്ഞ അറിവിന്റെ അക്ഷയലോകം തുറന്നുനല്‍കുകയാണ് പാലാ സെന്റ് തോമസ് കോളജ് ലൈബ്രറി. കോളജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള ലുമിനാരിയായില്‍ പുസ്തകങ്ങളുടെ വന്‍ ഗോപുരമാണ് കോളജ് ലൈബ്രറിയില്‍ തയാറായത്. രണ്ടായിരത്തിലധികം പുസ്തകങ്ങള്‍ ഉപയോഗിച്ചാണ് ലൈബ്രറിയില്‍ ഇന്‍ഫിനിറ്റി ബുക്ക് ടവര്‍ ഒരുക്കിയിരിക്കുന്നത്. വിവിധ സാഹിത്യകാരന്മാരുടെ പുസ്തകങ്ങളുടെ പ്രദര്‍ശനവും ഇതിനോടൊപ്പം നടത്തപ്പെടുന്നുണ്ട്.
പുസ്തകങ്ങള്‍ തടവിലാക്കപ്പെട്ട ആത്മാക്കളാണ്, അലമാരകളില്‍നിന്ന് പുറത്തെടുത്തു വായിക്കുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്, കാണാത്ത ലോകം കാണിക്കുകയും കേള്‍ക്കാത്ത ശബ്ദം കേള്‍പ്പിക്കുകയും ചെയ്യുന്ന മാന്ത്രികരാണ് പല പുസ്തകങ്ങളും തുടങ്ങിയ ആശയങ്ങള്‍ അവതരിപ്പിക്കുന്ന ഫ്ളയിംഗ് ബുക്ക്സ് എന്ന കലാവിഷ്കാരവും അവതരിപ്പിച്ചിട്ടുണ്.
രാവിലെ പത്തു മുതല്‍ രാത്രി പത്തു വരെയാണ് സന്ദര്‍ശന സമയമെന്ന് ലൈബ്രേറിയന്‍ ഫാ. ജുബിന്‍ വാഴക്കപ്പാറ പറഞ്ഞു.
അക്ഷരോത്സവവേദിയില്‍
ഇന്ന് ജയചന്ദ്രോത്സവം
പാലാ: ഭാവഗായകനായിരുന്ന പി. ജയചന്ദ്രന്റെ അനുസ്മരണവും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഗാനോത്സവവും ഇന്നു രാവിലെ 10.30ന് അക്ഷരോത്സവം വേദിയില്‍ നടക്കും. കടയിരിപ്പ് നാദ തരംഗം ട്രൂപ്പാണ് ഗാനോത്സവം അവതരിപ്പിക്കുന്നത്.