കോട്ടയം നഗരസഭയിലെ സാമ്പത്തിക ക്രമക്കേട്: എല്‍ഡിഎഫ് മാര്‍ച്ച് നടത്തി
1497204
Tuesday, January 21, 2025 8:15 AM IST
കോട്ടയം: നഗരസഭയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയ യുഡിഎഫ് ഭരണസമിതിക്കെതിരേ പ്രതിഷേധം ശക്തമാക്കി എല്‍ഡിഎഫ്. 211 കോടിയുടെ അതിഗുരുതര സാമ്പത്തിക ക്രമക്കേടില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് ഇന്നലെ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. മോട്ടോര്‍ തൊഴിലാളി ഓഫീസിന് സമീപത്തുനിന്നാരംഭിച്ച മാര്‍ച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ടി.സി. ബിനോയി അധ്യക്ഷനായി.
കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ നഗരസഭയുടെ ഓഫീസ് യുഡിഎഫുകാര്‍ എല്ലാതരത്തിലുമുള്ള അഴിമതിക്കുള്ള ഇടമാക്കി മാറ്റിയതായി മനസിലാകുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. കേരളത്തിലെ മറ്റൊരു നഗരസഭയിലും നടക്കാത്ത തട്ടിപ്പുകളാണ് കോട്ടയത്ത് ആവിഷ്കരിക്കുന്നത്. യുഡിഎഫ് ഭരണസമിതി വര്‍ഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ഇത്തരം അഴിമതിക്കെതിരേ തുടര്‍സമരങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും എല്‍ഡിഎഫ് വ്യക്തമാക്കി.
യോഗത്തില്‍ എല്‍ഡിഎഫ് നേതാക്കളായ എം.കെ. പ്രഭാകരന്, സി.എന്‍. സത്യനേശന്, ജോജി കുറത്തിയാടന്‍, നഗരസഭാ പ്രതിപക്ഷനേതാവ് ഷീജ അനില്‍, ബി. ശശികുമാര്‍, ജോസ് പള്ളിക്കുന്നേല്‍, പി.കെ. ആനന്ദക്കുട്ടന്, പോള്‍സണ്‍ പീറ്റര്‍, സുനില്‍ ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.