കോട്ടയം മെഡി.കോളജിൽ കെട്ടിടത്തിനു മുകളിൽക്കയറി ആത്മഹത്യാ ഭീഷണി
1497202
Tuesday, January 21, 2025 8:15 AM IST
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിനു മുകളില്‍ക്കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ ഫയര്‍ഫോഴ്സ് കീഴ്പ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ മൂന്നേകാലോടെയാണ് സംഭവം.
ലേബര്‍ ക്യാമ്പില്‍ അടിപിടിയുണ്ടാക്കി പരിക്കേറ്റു രണ്ട് ദിവസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ഛത്തീസ്ഗഡ് സ്വദേശി സുരേന്ദ്ര ബാബു (36) ആണ് അത്യാഹിത വിഭാഗം കെട്ടിടത്തിനു മുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നു വിവരമറിയിച്ചതോടെ കോട്ടയം ഫയര്‍ ഫോഴ്സ് ഓഫീസില്‍നിന്നു ഗ്രേഡ് സ്റ്റേഷന് ഓഫീസര്‍ ശിവകുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സാബു എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി.
ഈ സമയമത്രയും കെട്ടിടത്തിന്റെ മുകളില്‍ സുരേന്ദ്ര ബാബു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബഹളം വച്ച് മുകളില്‍നിന്നു ചാടുമെന്ന് പറഞ്ഞു നില്‍ക്കുകയായിരുന്നു. മെഡിക്കൽകോളജിലെ ഒരു തീവ്ര പരിചരണ വിഭാഗത്തില്‍ അതിക്രമം നടത്തിയശേഷമാണ് ഇയാള്‍ കെട്ടിടത്തിന്റെ മുകളിലെ റൂഫിംഗിനു മുകളില്‍നിന്നു ആത്മഹത്യാ ഭീഷണി മുഴക്കിയത്.
തുടര്‍ന്ന് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഇയാള്‍ താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അബ്ബാസി കെട്ടിടത്തിനു മുകളിലെ ടിന് ഷീറ്റില്‍ കയറി സുരേന്ദ്ര ബാബുവിനെ താഴെയിറക്കാന്‍ നോക്കിയപ്പോൾ ഇയാള്‍ കൂടുതല്‍ അക്രമാസക്തനായി. തുടർന്ന് സാഹില്‍ ഫിലിപ്പ്, അനൂജ് ഭാസ്കര്‍ എന്നീ സേനാംഗങ്ങള്‍കൂടി മുകളിലേക്ക് കയറി ടിന് ഷീറ്റിന് മുകളില്‍കൂടി ഇയാള ഓടിച്ചു മറ്റൊരു കെട്ടിടത്തില്‍ ചാടിച്ചു. പിന്നിട് അതിസാഹസികമായി ഓടിച്ചിട്ടുപിടിച്ചു താഴെ വിരിച്ചിരുന്ന നെറ്റില്‍ ആക്കി പോലീസിനു കൈമാറി.
ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ പ്രദീപ്, ഷിഹാബുദീന്‍, സജിന്‍, ഹോം ഗാര്‍ഡ് അനില്‍ കുമാര്‍ എന്നിവരും രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തു.