സപ്ലൈകോയും റേഷന്‍കടയും കാലി; കടയടപ്പോടെ കഞ്ഞികുടി മുട്ടും
1496933
Tuesday, January 21, 2025 12:01 AM IST
കോട്ടയം: ഒന്നര വര്‍ഷമായി സപ്ലൈകോ ഔട്ട്ലറ്റുകളില് 12 ഇനം അവശ്യ സാധനങ്ങളുടെ സബ്സിഡി നിരക്കിലുള്ള സാധനങ്ങള്‍ പരിമിതമാണ്.
ഇതിനൊപ്പം റേഷന്‍ കടകളും അടച്ചുപൂട്ടുകയാണ്. റേഷന്‍ സാധനങ്ങള്‍ ഗോഡൗണുകളില്‍നിന്ന് റേഷന്‍ കടകളില്‍ വാതില്‍പടി വിതരണം നടത്തുന്ന കേരള ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഈ മാസം ഒന്നു മുതല്‍ പണിമുടക്കിലാണ്.
വിതരണക്കാരുടെ സമരം മൂന്നു വാരം പിന്നിട്ടിരിക്കെ റേഷന്‍ കടകള്‍ ഏറെക്കുറെ കാലിയായി. ആട്ടയും ഗോതമ്പും കഴിഞ്ഞയാഴ്ചതന്നെ തീര്‍ന്നു. നിലവില്‍ സ്റ്റോക്കുള്ള അരി ഏത് ഇനമോ അത് ഓരോ ഇനം കാര്‍ഡിന്റെയും അടിസ്ഥാനത്തില്‍ വിതരണം ചെയ്തുവരികയാണ്. റേഷന്‍ വിതരണ കരാര്ക്കാര്ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള 80 കോടി രൂപയുടെ കുടിശിക നല്‍കാതെ വിതരണത്തിനില്ലെന്ന നിലപാടാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
40 കോടി രൂപ കുടിശിക ഉടന്‍ നല്‍കുമെന്ന് ഭക്ഷ്യവകുപ്പ് പ്രസ്താവിച്ചെങ്കിലും നയാപൈസ നല്‍കിയിട്ടില്ല. അതിനാല്‍ വിതരണ സമരം അനിശ്ചിതമായി നീളുകയാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് റേഷന്‍ കടയുടമകള്‍ 27 മുതല്‍ കടയടച്ച് സമരം തുടങ്ങുന്നത്.
വേതന പാക്കേജ് പരിഷ്കരിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ട് പേയ്മെന്റ് സംവിധാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ കടക്കാര് സമരനോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇതോടെ ദരിദ്രവിഭാഗങ്ങളുടെ അതിജീവനം പ്രതിസന്ധിയിലാകും. ഇ-പോസ് സേവനത്തില്‍നിന്ന് കരാര്‍ കമ്പനി ഈ മാസം അവസാനത്തോടെ പിന്മാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഫെബ്രുവരിയിലെ പൊതുവിതരണം പ്രതിസന്ധിയിലാകും.