ഭരണഘടനാ സന്പൂർണ സാക്ഷരത: ചിറക്കടവിൽ എല്ലാവരും പരീക്ഷ എഴുതി
1496924
Monday, January 20, 2025 10:49 PM IST
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുതന്നെ ആദ്യമായി സമ്പൂർണ ഭരണഘടനാ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി ചിറക്കടവിലെ പത്തു വയസുമുതൽ മുതിർന്നവർ വരെയുള്ള മുപ്പത്തിനായിരത്തോളം ആളുകൾ പരീക്ഷ എഴുതി.
ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കി കില തയാറാക്കിയ ചോദ്യപേപ്പറുകൾ വാർഡ് അംഗങ്ങൾ, അങ്കണവാടി അധ്യാപകർ, ആശാ വർക്കർമാർ, ഹരിത കർമസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും എത്തിച്ച് ഇന്നലെ പരീക്ഷ എഴുതിച്ചു. കിലയുടെ നേതൃത്വത്തിൽ തയാറാക്കിയ കൈപ്പുസ്തകവും വീടുകളിൽ എത്തിച്ചിരുന്നു. എല്ലാ വീടുകളിൽനിന്നും ശേഖരിച്ച ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഭരണഘടനയെ അധികരിച്ച് വാർഡ് തലത്തിലും സ്കൂൾതലത്തിലും ക്വിസ് പ്രോഗ്രാം നാളെ സംഘടിപ്പിക്കും.
ഒരു വർഷം നീണ്ടുനിന്ന ഭരണഘടനാ സാക്ഷരതായജ്ഞം 26ന് ചിറക്കടവ് പഞ്ചായത്തിനെ സമ്പൂർണ ഭരണഘടനാ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതോടുകൂടി പൂർത്തിയാകും. റിപ്പബ്ലിക് ദിനത്തിൽ ജസ്റ്റീസ് ആന്റണി ഡൊമിനിക് പ്രഖ്യാപനം നടത്തും.