പെരുന്ന ബസ് സ്റ്റാന്‍ഡില്‍ ടേക്ക് എ ബ്രേക്ക് തുറന്നു
1496911
Monday, January 20, 2025 7:22 AM IST
യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ആശ്വാസം
ചങ്ങനാശേരി: പെരുന്ന രണ്ടാം നമ്പര്‍ ബസ് സ്റ്റാന്‍ഡിലെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ വഴിയോര വിശ്രമകേന്ദ്രം തുറന്നു. ശുചിമുറികള്‍, വിശ്രമ സൗകര്യത്തിനുള്ള മുറി എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.
മുന്‍ എംഎല്‍എ സി.എഫ്. തോമസിന്റെ ആസ്തി വികസനഫണ്ടും നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതി വിഹിതവും ചേര്‍ത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ക്കുമുമ്പ് തുടക്കമിട്ട പദ്ധതി വിവിധ സാങ്കേതിക പ്രശ്നങ്ങള്‍മൂലം തടസപ്പെട്ടിരുന്നു.
ദിനംപ്രതി നൂറുകണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന പെരുന്ന ബസ് സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റ്റേഷന് പ്രവര്‍ത്തിക്കാതിരുന്നത് സ്ത്രീകളും കുട്ടികളുമടക്കം യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ഏറെ ദുരിതമായിരുന്നു. ഇത് പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
വിവിധ സ്ഥലങ്ങളിലേക്ക് സ്വകാര്യ ബസുകളും ആലപ്പുഴ, കുട്ടനാട് മേഖലകളിലേക്ക് കെഎസ്ആര്‍ടിസി ബസുകളും ഉള്‍പ്പെടെ നൂറിലേറെ ബസുകള്‍ പുറപ്പെടുന്ന ബസ് സ്റ്റാന്ഡുകൂടിയാണിത്.
നിര്‍മാണ കരാറുകാരന് ബില്‍ തുക മാറി കിട്ടുന്നതിനുള്ള കാലതാമസവും കെട്ടിടം പൂര്‍ത്തിയാക്കി തുറക്കുന്നതിന് കാലതാമസം നേരിടാനിടയാക്കി. ടേക്ക് ബ്രേക്കിന്റെ ഉദ്ഘാടം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു.
നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, കൗണ്‍സിലര്‍മാരായ കെ.എം.നജിയ, പി.എ. നിസാര്‍, എല്‍സമ്മ ജോബ്, ടെസ വര്‍ഗീസ്, രാജു ചാക്കോ, നഗരസഭാ എന്‍ജിനിയര്‍ എസ്. സുരേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.