ദേശക്കഴുന്നിനായി നാടൊരുങ്ങി
1496897
Monday, January 20, 2025 7:10 AM IST
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ദേശക്കഴുന്നുകൾക്ക് ഇന്നു തുടക്കം കുറിക്കും. ഇന്ന് പടിഞ്ഞാറ്റുംഭാഗത്തിന്റെയും നാളെ തെക്കുംഭാഗത്തിന്റെയും ബുധനാഴ്ച കിഴക്കുംഭാഗത്തിന്റെയും വ്യാഴാഴ്ച വടക്കും ഭാഗത്തിന്റെയും ദേശക്കഴുന്നുകൾ നടക്കും.
അതിരമ്പുഴയുടെ ഏറ്റവും വലിയ ആത്മീയോത്സവമായ ദേശക്കഴുന്നിനായി നാടൊരുങ്ങി. അതിരമ്പുഴയുടെ ഇടവഴികളിൽകൂടി പോലും കടന്നുപോകുന്ന ദേശക്കഴുന്നിനെ വരവേൽക്കാൻ നാളുകൾ നീണ്ട ഒരുക്കങ്ങളാണ് നടന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ റോഡുകളേറെയും ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുകയും വഴിയരികുകളിലെ കാട് വെട്ടി വൃത്തിയാക്കുകയും ചെയ്തു.
കഴുന്നുകൾ പ്രതിഷ്ഠിച്ചിട്ടുള്ള ഭവനങ്ങളുടെയും സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയാക്കി. വഴിയിലുടനീളം അലങ്കാരങ്ങൾ നടത്തി. അതിരമ്പുഴയുടെ മുക്കും മൂലയുംവരെ വൈദ്യുത വർണദീപങ്ങളാൽ അലംകൃതമാകും.
നാനാജാതി മതസ്ഥരായ അതിരമ്പുഴ നിവാസികൾ പ്രാർഥനാപൂർവം പങ്കെടുക്കുന്ന ദേശക്കഴുന്ന് വൈകുന്നേരം ആറിന് വിവിധ ഭാഗങ്ങളിൽനിന്ന് ആരംഭിക്കും. കഴുന്നു പ്രദക്ഷിണങ്ങൾ സംഗമിച്ച് ദേശക്കഴുന്നായി രാത്രി ഒമ്പതിന് ചെറിയ പള്ളിയിൽ എത്തി സമാപിക്കും.
ഏലയ്ക്കാ മാലകളുമായി കാത്തുനിൽക്കുന്ന ഭക്തർ
ഇന്നു രാവിലെ 7.30നാണ് വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം പരസ്യവണക്കത്തിനായി പുറത്തെടുക്കുന്നത്. തിരുസ്വരൂപം മോണ്ടളത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക രൂപക്കൂട്ടിൽ പ്രതിഷ്ഠിക്കുമ്പോഴേക്കും വിദൂര സ്ഥലങ്ങളിൽനിന്ന് എത്തിച്ചേരുന്ന ഭക്തജനങ്ങൾ കാണിക്കകളുമായി കാത്തുനിൽക്കുന്നുണ്ടാകും.
ഏലയ്ക്കാ മാലകളാണ് ഭക്തർ കരുതുന്ന കാണിക്കകളിൽ പ്രധാനം. ഇവയ്ക്കൊപ്പം നാരങ്ങാമാല, നോട്ടുമാല, നെൽക്കതിർ, കാർഷിക വിളകൾ, സ്വർണം, വെള്ളി കാണിക്കകൾ എന്നിവയും തിരുസ്വരൂപത്തിങ്കൽ അർപ്പിച്ച് പ്രാർഥിക്കാൻ ഭക്തരുടെ തിരക്കാകും.
കോട്ടയം ടെക്സ്റ്റൈൽസിൽനിന്ന് പ്രദക്ഷിണം
വേദഗിരി കോട്ടയം ടെക്സ്റ്റൈൽസിൽനിന്നുള്ള ഭക്തിനിർഭരമായ കഴുന്നു പ്രദക്ഷിണം ഇന്നലെ നടന്നു. വൈകുന്നേരം ആറിന് കോട്ടയം ടെക്സ്റ്റൈൽസിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം മൂന്നു കിലോമീറ്ററിലേറെ പിന്നിട്ട് 8.30ന് വലിയപള്ളിയിൽ സമാപിച്ചു.
തുടർച്ചയായി 53-ാം വർഷമാണ് കോട്ടയം ടെക്സ്റ്റൈൽസിൽനിന്ന് കഴുന്നു പ്രദക്ഷിണം നടത്തിയത്.
ഭക്തിനിർഭരമായി ആംഗ്യഭാഷയിൽ വിശുദ്ധ കുർബാന
ബധിരരും മൂകരുമായ വിശ്വസികൾക്കുവേണ്ടി ഇന്നലെ അർപ്പിച്ച ആംഗ്യഭാഷയിലുള്ള വിശുദ്ധ കുർബാന ഭക്തിനിർഭരമായി. ബധിരരും മൂകരുമായവർക്കു വേണ്ടിയുള്ള ശുശ്രൂഷകളിലൂടെ
ശ്രദ്ധേയനായ കോട്ടയം നവധ്വനി ഡയറക്ടർ ഫാ. ബിജു മുല്ലക്കര സിഎസ്സിയാണ് ആംഗ്യഭാഷയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകിയത്.
ഇതു മൂന്നാം വർഷമാണ് തിരുനാളിനോടനുബന്ധിച്ച് ബധിരരും മൂകരുമായ വിശ്വാസികൾക്കുവേണ്ടി ഫാ. ബിജു മുല്ലക്കരയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നത്.
വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ ആമുഖ സന്ദേശം നൽകി.
അതിരന്പുഴ പള്ളിയിൽ ഇന്ന് വയോജനദിനം
രാവിലെ 5.45ന് സപ്രാ, പടിഞ്ഞാറ്റുംഭാഗത്തിന്റെ തിരുനാൾ കുർബാന (വലിയ പള്ളിയിൽ): ഫാ. ജോജോ പുതുവേലിൽ (ഹൗസ് പ്രൊക്യുറേറ്റർ, ആർച്ച്ബിഷപ്സ് ഹൗസ്, ചങ്ങനാശേരി)
7.30ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കൽ, കഴുന്നു വെഞ്ചരിപ്പ്, ദേശക്കഴുന്ന് വിതരണം.
7.45ന് തിരുസ്വരൂപവുമായി വലിയ പള്ളിയിൽനിന്ന് ചെറിയ പള്ളിയിലേക്ക് പ്രദക്ഷിണം.
ഒന്പതിന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന (ചെറിയ പള്ളിയിൽ): ഫാ. ഐബിൻ പകലോമറ്റം (പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കാന, തുരുത്തി).
11ന് വിശുദ്ധ കുർബാന (ചെറിയ പള്ളിയിൽ): ഫാ. തോമസ് പ്ലാപ്പറമ്പിൽ (ഡയറക്ടർ, സെഹിയോൻ ധ്യാനകേന്ദ്രം, കുന്നന്താനം).
ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധ കുർബാന (ചെറിയ പള്ളിയിൽ): ഫാ. സോണി പള്ളിച്ചിറ (വികാരി, സെന്റ് തോമസ് പള്ളി, പള്ളാത്തുരുത്തി).
വൈകുന്നേരം 5.45ന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന (ചെറിയ പള്ളിയിൽ): ഫാ. എബി പുതിയാപറമ്പിൽ (അസി. വികാരി, സെന്റ് തോമസ് പള്ളി, പുന്നത്തുറ).
ആറിന് പടിഞ്ഞാറ്റുംഭാഗം ദേശക്കഴുന്ന് ആരംഭം.
രാത്രി ഒമ്പതിന് ദേശക്കഴുന്ന് സമാപനം, ലദീഞ്ഞ് (ചെറിയ പള്ളിയിൽ).