ശബരി എയര്‍പോര്‍ട്ട്: നടപടി വൈകുന്നതില്‍ പരക്കെ ആശങ്ക
1496932
Tuesday, January 21, 2025 12:01 AM IST
കോട്ടയം: സംസ്ഥാന സര്‍ക്കാരും തിരുവല്ല ബിലീവേഴ്സ് ചര്‍ച്ചും തമ്മില്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥതാവകാശം സംബന്ധിച്ച് പാലാ കോടതിയിലെ സിവില്‍ കേസ് അനിശ്ചിതമായി നീളുന്നതില്‍ പ്രദേശവാസികള്‍ക്ക് ആശങ്ക. ഈ മാസം 25ന് കേസില്‍ വിസ്താരം തുടങ്ങാനാണ് തീരുമാനമെങ്കിലും നടപടികള്‍ എന്നു പൂര്‍ത്തിയാകുമെന്ന് വ്യക്തമല്ല.
എരുമേലിയില്‍ ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരും എസ്റ്റേറ്റിന്റെ കൈവശക്കാരായ ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലെ അയന ചാരിറ്റബിള്‍ ട്രസ്റ്റും തമ്മിലെ ഉടമസ്ഥതാവകാശ തര്‍ക്കം ആഘാതമുണ്ടാക്കുന്നത് പ്രദേശവാസികള്‍ക്കാണ്. എയര്‍പോര്‍ട്ടിന് ആവശ്യമുള്ള 2,570 ഏക്കറില്‍ 2,263 ഏക്കറാണ് ചെറുവള്ളി എസ്റ്റേറ്റിന്റെ പരിധിയിലുള്ളത്. അധികമായി വേണ്ട 307 ഏക്കര്‍ എരുമേലി തെക്ക്, മണിമല വില്ലേജുപരിധിയിലെ വ്യക്തികളില്‍നിന്നാണ് ഏറ്റെടുക്കേണ്ടത്. ആകെ 245 ഭൂവുടമകളാണ് സ്ഥലം വി്ട്ടുകൊടുക്കേണ്ടവരുടെ പരിധിയില്‍ വരിക. വിട്ടുകൊടുക്കാന്‍ രണ്ടു വര്‍ഷം മുന്‍പ് സര്‍വേ നടത്തി അളന്നു തിരിച്ചിരിക്കുന്ന സ്ഥലം ഉടമകളാണ് ഏറ്റവും പ്രതിസന്ധിയെ നേരിടുന്നത്.
ഒന്നര സെന്റ് മുതല്‍ അഞ്ച് ഏക്കര്‍ വരെ വിട്ടുകൊടുക്കേണ്ടവര്‍ ഈ പരിധിയില്‍ വരും. വീടും സ്ഥലവും റവന്യു വകുപ്പ് അളന്നു തിരിച്ചതോടെ വില്‍ക്കാനോ വാങ്ങാനോ നിര്‍മാണം നടത്താനോ ലോണെടുക്കാനോ ഇവര്‍ക്ക് സാധിക്കുന്നില്ല. കൃഷിയും മറ്റു നിര്‍മിതികളും മുടങ്ങി. സ്ഥലം ഏറ്റെടുക്കല്‍, പുനരധിവാസം, നഷ്ടപരിഹാരം എന്നിവയില്‍ വ്യക്തതയില്ല. ഇത് വിദ്യാഭ്യാസം, വിവാഹം എന്നിവയെയും ബാധിക്കുന്നു.
മാത്രമല്ല ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്താല്‍ എസ്റ്റേറ്റിലെ 352 കുടുംബങ്ങള്‍ മാറിത്താമസിക്കണ്ടിവരും. ഇതില്‍ എസ്റ്റേറ്റിനു പുറത്തുള്ള 114 കുടുംബങ്ങളും ലയങ്ങളില്‍ പാര്‍ക്കുന്ന 238 കുടുംബങ്ങളും ഉള്‍പ്പെടും. പാലാ കോടതിയിലെ സിവില്‍ കേസ് അനന്തമായി നീളുന്ന സാഹചര്യമുണ്ടായാല്‍ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സ്ഥലം വിട്ടുകൊടുക്കാന്‍ നിര്‍ദേശം ലഭിച്ചിരിക്കുന്ന സമീപവാസികള്‍.