ആകാശവിസ്മയം കാണാൻ കുമരകത്തും അവസരം
1496901
Monday, January 20, 2025 7:10 AM IST
കുമരകം: സൂര്യനുചുറ്റും പരിക്രമണം ചെയ്യുന്ന ഗ്രഹങ്ങൾ സൂര്യന്റെ ഒരേവശത്ത് എത്തുകയും അവയെ ഒരേ നേർരേഖയിൽ ഒരുമിച്ച് കാണുകയും ചെയ്യുന്ന പ്ലാനെറ്ററി പരേഡ് കാണാൻ കുമരകത്ത് അവസരം ഒരുക്കുന്നു. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങളാണു മാനത്തു പരേഡിനെത്തുന്നത്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുമരകം യൂണിറ്റും ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂൾ സയൻസ് ക്ലബ്ബും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടി നാളെ വൈകുന്നേരം അഞ്ചിന് എസ്കെഎം മൈതാനിയിൽ നടക്കും.
പ്രശസ്ത അമേച്വർ അസ്ട്രോണമർ മുരളി കാട്ടൂർ ആകാശക്കാഴ്ച തത്സമയം വിശകലനം ചെയ്ത് സംസാരിക്കുകയും ദൂരദർശനിയിലൂടെ നേരിട്ട് കാട്ടിത്തരുകയും ചെയ്യും. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാം.
യൂണിറ്റ് പ്രസിഡന്റ് കെ.ജി. ഷാലു, സെക്രട്ടറി പി.ടി. അനീഷ്, സയൻസ് ക്ലബ് കോ-ഓർഡിനേറ്റർ അഭിലാഷ് എന്നിവർ അറിയിച്ചു.