ചെമ്പിലരയൻ ജലോത്സവം: ഇരുട്ടുകുത്തി എ ഗ്രേഡിൽ താണിയൻ ജേതാവ്
1496908
Monday, January 20, 2025 7:22 AM IST
വൈക്കം: ചെമ്പ് പഞ്ചായത്ത്, ചെമ്പിലരയൻ ബോട്ട് ക്ലബ്, ഉത്തരവാദിത്ത ടൂറിസം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെമ്പ് മുറിഞ്ഞപുഴയിൽ നടത്തിയ മൂന്നാമത് ചെമ്പിലരയൻ ജലോത്സവം ആവേശകരമായി. ഇരുട്ടികുത്തി എ ഗ്രേഡിൽ ലിയോ വർഗീസ് ലീഡിംഗ് ക്യാപ്റ്റനായ ചാത്തേടം ക്രിസ്തുരാജ ബോട്ടു ക്ലബ്ബിന്റെ താണിയൻ ഒന്നാം സ്ഥാനം നേടി. പ്രിയറി അബ്ഗ്രാൾ ക്യാപ്റ്റനായ ടി ബിസി തുരുത്തിപ്പുറത്തിന്റെ തുരുത്തിപ്പുറം രണ്ടാം സ്ഥാനം നേടി. ഇരുട്ടുകുത്തി ബി ഗ്രേഡിൽ യഥാക്രമം മടപ്ലാത്തുരുത്ത് ബോട്ട് ക്ലബ്, മയിൽപ്പീലി, വടക്കുംപുറം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പുരുഷന്മാരുടെ നാടൻ വള്ളം സി ഗ്രേഡിൽ ജുഗുനു, പടയാളി, ശ്രീ മുകാംബിക എന്നീ ക്ലബ്ബുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വനിതകൾ തുഴഞ്ഞ നാടൻ വള്ളം സി ഗ്രേഡിൽ സുനി കൃഷ്ണകുമാർ ക്യാപ്റ്റനായ വൈക്കത്തപ്പൻ ഒന്നാം സ്ഥാനവും രാജമ്മ രാജൻ ക്യാപ്റ്റനായ സേവസേനാപതി രണ്ടാം സ്ഥാനവും നേടി. മൂവാറ്റുപുഴയാർ രണ്ടായി മുറിഞ്ഞു ഒഴുകി വേമ്പനാട്ടുകായലിൽ പതിക്കുന്ന മുറിഞ്ഞപുഴയുടെ ഇരുകരകളിലും ജലോത്സവം കാണാൻ ആയിരങ്ങളാണ് എത്തിയത്.
മുറിഞ്ഞപുഴയിൽ നടന്ന ജലോത്സവം സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എംപി ഫ്ലാഗ് ഓഫ് ചെയ്തു. ബോട്ട് ക്ലബ്ബ് പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു ജലോത്സവ റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, ജനറൽ കൻവീനർ കെ.കെ. രമേശൻ, ട്രഷറർ കെ.എസ്. രത്നാകരൻ, കെ. രൂപേഷ്കുമാർ, പി.എസ്. പുഷ്പമണി, ചീഫ് കോ-ഓർഡിനേറ്റർ കുമ്മനം അഷ്റഫ്, എം.കെ. സുനിൽ, പഞ്ചായത്ത് സെക്രട്ടറി സി.എസ്. ജ്യോതിലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.