എരുമേലിയിൽ തിരക്കൊഴിഞ്ഞു; ശബരിമല തീർഥാടനം സമാപനമായി
1496690
Sunday, January 19, 2025 11:04 PM IST
എരുമേലി: മകരവിളക്ക് ഉത്സവകാലത്തിന് പരിസമാപ്തി കുറിച്ച് ഇന്ന് നട അടയ്ക്കുന്നതോടെ ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തിന് ഇന്ന് പൂർണതയാകും.
ഇന്നലെ വൈകുന്നേരത്തോടെ എരുമേലിയിൽ പേട്ടതുള്ളലും ചെണ്ടയടിയും വാദ്യമേളങ്ങളും പൂർണമായി നിലച്ചു. ഇന്നലെ വൈകുന്നേരം ആറുവരെയാണ് ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. ഇത് മുൻനിർത്തി ഉച്ചയോടെ മുഴുവൻ തീർഥാടകരും എരുമേലിയിൽനിന്ന് യാത്രയായി.
കഴിഞ്ഞ രണ്ടര മാസത്തിനിടെ മണ്ഡല കാലത്തിന്റെ ഇടവേള ദിവസങ്ങളിൽ മാത്രമാണ് എരുമേലിയിൽ പേട്ടതുള്ളൽ നിലച്ചത്. ശക്തമായ മഴ പെയ്യുമ്പോഴും പേട്ടതുള്ളലിന് ഭംഗം വന്നിരുന്നില്ല.
ഇന്ന് വിവിധ വകുപ്പുകൾ സേവനം അവസാനിപ്പിക്കും. പോലീസ്, റവന്യു, റോഡ് സേഫ് സോൺ, മാലിന്യ നിർമാർജനം എന്നിങ്ങനെ നാല് കൺട്രോൾ റൂമുകളാണ് ഇത്തവണ പ്രവർത്തിച്ചിരുന്നത്. ആരോഗ്യ വകുപ്പിന്റെ താവളം ഡിസ്പെൻസറി ഇന്ന് അടച്ചുപൂട്ടും. അധികമായി ലഭിച്ച ആംബുലൻസുകൾ ഇന്ന് മടങ്ങിപ്പോകും. ഫയർഫോഴ്സ് യൂണിറ്റ്, ഭക്ഷ്യ സുരക്ഷാ വിഭാഗം എന്നിവയും ഇന്ന് പ്രവർത്തനം അവസാനിപ്പിക്കും. താത്കാലിക കടകൾ ഇന്നുമുതൽ പൊളിച്ചു മാറ്റിത്തുടങ്ങും.
പാർക്കിംഗ് ഫീസും കംഫർട്ട് സ്റ്റേഷൻ യൂസർ ഫീസും പേട്ടതുള്ളൽ സാമഗ്രികളുടെ നിരക്കും ജില്ലാ ഭരണകൂടം നിശ്ചയിച്ചതിലും കൂടുതൽ നിരക്കിൽ വാങ്ങിയെന്ന പരാതിയാണ് ഇത്തവണ കൂടുതലായി ഉയർന്നത്. അപകടങ്ങൾ കുറഞ്ഞ നിലയിൽ ഇത്തവണ സുരക്ഷിതമായ ഉത്സവകാലം എല്ലാവരുടെയും ആത്മാർഥ സഹകരണത്തിന്റെ ഫലമാണെന്ന് റോഡ് സേഫ് സോൺ കൺട്രോളിംഗ് ഓഫീസറും ജോയിന്റ് ആർടിഒയുമായ ഷാനവാസ് കരീം പറഞ്ഞു. മുൻ വർഷത്തേക്കാൾ അപകടങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞു. കണമല, കണ്ണിമല ഇറക്കങ്ങളിലാണ് അപകടങ്ങൾ ഏറെ സംഭവിച്ചത്.
ഡിസംബർ 30ന് മകരവിളക്ക് സീസൺ ആരംഭിച്ചത് മുതൽ കഴിഞ്ഞ ദിവസം വരെ 19,00,789 അയ്യപ്പഭക്തരാണ് ശബരിമലയിൽ ദർശനത്തിന് എത്തിയത്. നവംബർ 15ന് മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിച്ചത് മുതൽ ജനുവരി 17 വരെ ആകെ 51, 92,550 പേർ ദർശനം നടത്തി. ഇതിൽ ഭൂരിഭാഗം പേരും എരുമേലി വഴിയാണ് സഞ്ചരിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
രണ്ടരക്കോടി കടന്നിരിക്കുകയാണ് എരുമേലി കെഎസ്ആർടിസി സെന്ററിന്റെ ഇത്തവണത്തെ വരുമാനം. ഇന്നത്തെ സർവീസ് കൂടി കഴിയുന്നതോടെ കണക്ക് കൃത്യമായി ലഭ്യമാകും. ഇതുവരെയുള്ള കണക്ക് പ്രകാരം മുൻ വർഷത്തേക്കാൾ 25 ലക്ഷത്തിൽപരം രൂപയുടെ വർധനവുണ്ട്.