പ്രായം തളര്‍ത്താത്ത പോരാളി : ഭാവനയെ രൂപങ്ങളാക്കി മാറ്റി ശങ്കരന്‍കുട്ടി
1496907
Monday, January 20, 2025 7:22 AM IST
കടുത്തുരുത്തി: പ്രായം തളര്‍ത്താത്ത പോരാളി. ശങ്കരന്‍കുട്ടി 88-ാം വയസിലും ഭാവനയെ രൂപങ്ങളാക്കി മാറ്റുകയാണ്. ശില്പകലയിലും ചിത്രകലയിലും ഏഴര പതിറ്റാണ്ടായി മികവിന്റെ കരവിരുതിലൂടെ ശില്പങ്ങളായും ചിത്രങ്ങളായും ബിംബങ്ങളായും കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ശങ്കരന്‍കുട്ടി.
പ്രാഥമിക വിദ്യാഭ്യാസം നേടിയ പാഴുത്തുരുത്ത് കുന്നത്തുപറമ്പില്‍ സി.കെ. ശങ്കരന്‍കുട്ടി (88) കെട്ടിട നിര്‍മാണ മേഖലയിലേക്ക് പത്താം വയസില്‍ അച്ഛന് കൊച്ചുകുഞ്ഞനൊപ്പം ഇറങ്ങി. കുടുംബത്തിലെ പട്ടിണിമാറ്റാന്‍ മുഴക്കോലും കുലശേരിയും മറ്റു പണിയായുധങ്ങളുമടങ്ങിയ സഞ്ചിയുമായി ഇറങ്ങിയ ഇദേഹം നല്ലൊരു നിര്‍മാണത്തൊഴിലാളിയായി ജീവിതം പടുത്തുയര്‍ത്തി.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും അവധി ദിവസങ്ങളിലും കടലാസില്‍ ചിത്രം വരയ്ക്കും. തടിയില്‍ രൂപങ്ങള്‍ ഉണ്ടാക്കും. ശില്പങ്ങള് ഉണ്ടാക്കും. കല്ലില്‍ ബിംബങ്ങള്‍ കൊത്തിയെടുക്കും. ശങ്കരന്‍കുട്ടി ചിത്രകലയും ശില്പകലയും കൊത്തുപണിയും സ്കൂളില്‍ പോയി പഠിച്ചിട്ടില്ല. മൂന്നും ഒരേപോലെ മികവോടെ കൈകാര്യം ചെയ്യും. ജന്മസിദ്ധമായി കിട്ടിയ വാസനയെ സ്വപ്രയത്നത്തിലൂടെ ഊതിക്കാച്ചിയ പൊന്നുപോലെ വര്‍ഷങ്ങള്‍കൊണ്ട് തിളക്കമുള്ളതാക്കിയെടുക്കുകയായിരുന്നു.
ശില്പങ്ങള് നിര്‍മിക്കുന്നത് സിമന്റും മണ്ണും മണലും വെള്ളവും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം ഉപയോഗിച്ചാണ്. വാഴക്കുല, ദൈവങ്ങളുടെ ശില്പങ്ങള്, കഥകളി രൂപങ്ങള്‍, വ്യക്തികള്‍, കോഴി, താറാവ്, ആട്, പശു, മുയല്, മുതല തുടങ്ങി പക്ഷി-മൃഗാദികളെയും ഇദേഹം നിര്‍മിക്കുന്നു. തടിയിലും വ്യത്യസ്തമായ ചിത്രങ്ങള്‍ കൊത്തിയെടുക്കും. പ്ലാസ്റ്റിക്, പേപ്പര്‍, ചിരട്ട എന്നിവ ഉപയോഗിച്ചു ചെടികളും മരങ്ങളും കൊട്ടയും സഞ്ചിയും ഉള്‍പ്പെടെയുള്ള കരകൗശല വസ്തുക്കളും ഉണ്ടാക്കുന്നുണ്ട്.
ഏഴ് പതിറ്റാണ്ടുകൊണ്ട് ഇദ്ദേഹം നിര്‍മിച്ച ശില്പങ്ങളും വരച്ച ചിത്രങ്ങളും ആയിരക്കണക്കിന് വരും. പണം കിട്ടാനായി ഒരു സൃഷ്ടിപോലും വില്‍ക്കാറില്ലെന്ന് ശങ്കരന്‍കുട്ടി പറഞ്ഞു. ചിത്രങ്ങള്‍ വീട്ടില്‍ വരുന്നവരും സുഹൃത്തുക്കളുമെല്ലാം അവര്‍ക്ക് ഇഷ്ടപ്പെടുന്നതനുസരിച്ച് വാങ്ങിക്കൊണ്ടുപോകും. അവര്‍ എന്തെങ്കിലും ദക്ഷിണയായി തന്നാല്‍ സ്വീകരിക്കുമെന്നും അദേഹം പറയുന്നു.
എണ്‍പത്തിയെട്ടിലും മക്കള്‍ക്കും മറ്റ് സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം ഇടയ്ക്കിടെ കെട്ടിട നിര്‍മാണത്തൊഴിലാളിയായി ശങ്കരന്‍കുട്ടി പോകുന്നുണ്ട്. ഭാര്യ രാജമ്മ. മക്കള്‍: കെ.എസ്. ധനഞ്ജയന്, കെ.എസ്. ദേവരാജന്‍, കെ.എസ്. ശ്രീമോള്.