എരുമേലി വനപാതയിൽ സോളാർ കാമറകൾ വരുന്നു
1496688
Sunday, January 19, 2025 11:04 PM IST
എരുമേലി: കോട്ടയം ജില്ലയിൽ വനംവകുപ്പിൽ ആദ്യ ഐഎസ്ഒ ഓഫീസ് ബഹുമതി നേടിയ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് ഇനി കരിമ്പിൻതോട് വനപാതയിലെ മാലിന്യപ്രശ്നം തലവേദനയാകില്ലെന്ന് പ്രതീക്ഷിക്കാം. മാലിന്യമിടുന്നവരെ തെളിവോടെ പിടിക്കാൻ വനപാത ആരംഭിക്കുന്ന കനകപ്പലം മുതൽ അവസാനിക്കുന്ന മുക്കട വരെ സൗരോർജത്തിൽ പ്രവർത്തിക്കുന്ന നിരീക്ഷണ കാമറകൾ സ്ഥാപിക്കാനാണു തീരുമാനം.
ഏഴ് കാമറകൾ ആദ്യം
തുടക്കത്തിൽ ഏഴ് കാമറകളാണു വയ്ക്കുക. കാമറകൾ സ്ഥാപിക്കേണ്ട പോയിന്റുകൾ അടുത്ത ദിവസം നിശ്ചയിക്കും. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ കാമറകൾ സ്ഥാപിക്കും. അതിനു മുമ്പായി മാലിന്യങ്ങൾ നീക്കി പാത വൃത്തിയാക്കും. ഇതിനായി വിപുലമായ ശുചീകരണ പരിപാടിയാണ് നടത്തുക. ഈ പാതയിൽ കൂടുതലായി മാലിന്യമിടുന്നത് ചില സ്വകാര്യ ഏജൻസികൾ ആണെന്ന് കണ്ടെത്തിയതോടെയാണ് കാമറാ നിരീക്ഷണ പദ്ധതിയിലേക്കെത്തിയതെന്ന് ഫോറസ്റ്റ് എരുമേലി റേഞ്ച് ഓഫീസർ ഹരിലാൽ പറഞ്ഞു.
വിവാഹസദ്യയുടെ അവശിഷ്ടങ്ങൾ, കെട്ടിട നിർമാണ വേസ്റ്റുകൾ, പഴകിയ മത്സ്യങ്ങൾ, ഇറച്ചിക്കോഴികളുടെ അവശിഷ്ടങ്ങൾ, കേടായ പച്ചക്കറികൾ എന്നിവ കൊണ്ടുപോകുന്ന ഏജൻസികൾ രാത്രിയിലും പുലർച്ചെയും ഈ പാതയിൽ കൊണ്ടുവന്ന് റോഡിന്റെ വശങ്ങളിൽ വനത്തിനോട് ചേർന്ന് പൊയ്ക തോട്ടിലും കലുങ്കുകളുടെ അടിയിലുമായി തള്ളുകയാണെന്ന് വനപാലകർ നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു.
ഇതേത്തുടർന്ന് മാസങ്ങൾക്ക് മുമ്പ് ശുചീകരണം നടത്തി കാമറകൾ നിരീക്ഷണത്തിനായി സ്ഥാപിച്ചെങ്കിലും വൈദ്യുതി, ഇന്റർനെറ്റ് സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ബാറ്ററി വഴിയുള്ള ദൃശ്യശേഖരണം പരാജയമായിരുന്നു. ഇതിനിടെ പല തവണ മാലിന്യങ്ങൾ നീക്കുകയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.
ബോർഡിന്റെ മുന്നിലും
മാലിന്യം
ഇത്തവണത്തെ ശബരിമല സീസണിന്റെ തുടക്കത്തിൽ മുന്നറിയിപ്പ് ബോർഡിന്റെ ചുവട്ടിൽ തന്നെ കെട്ടുകണക്കിന് മാലിന്യങ്ങളാണ് എത്തിയത്. ഇത് എരുമേലി പഞ്ചായത്ത് അധികൃതരാണ് നീക്കിയത്. ഇതേത്തുടർന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ നിർദേശിച്ച പ്രകാരം പഞ്ചായത്ത് അധികൃതർ വനംവകുപ്പിന് കത്ത് നൽകിയിരുന്നു. മാലിന്യങ്ങൾ ഇടുന്നത് തടയുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് കത്തിൽ നിർദേശിച്ചിരുന്നു. ഇതോടെയാണ് ഇപ്പോൾ സോളാർ കാമറ എന്ന ആശയത്തിലെത്തിയത്.
കനകപ്പലം-വെച്ചൂച്ചിറ റോഡിലെ വനപാതയിൽ കാമറാ നിരീക്ഷണമായതോടെ മാലിന്യങ്ങൾ ഇടുന്നതു നിലച്ചിരുന്നു. മാർ ക്രിസോസ്റ്റം ഫൗണ്ടേഷനാണ് വനംവകുപ്പുമായി ചേർന്ന് ഹരിതവത്കരണ പദ്ധതിയുടെ ഭാഗമായി ഇവിടെ ശുചീകരണം നടത്തിയ ശേഷം കാമറകൾ വച്ചത്. ഇതേ മാതൃക കരിമ്പിൻതോട് വനപാതയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ ആകുന്നതോടെ പ്രദേശത്തെ വനപാതകൾ മാലിന്യവിമുക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കനകപ്പലം വായനശാല-കല്യാണിമുക്ക് റോഡിൽ പാലത്തിനോട് ചേർന്ന് തോട്ടിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവായിട്ടുണ്ട്. ഇത് തടയുന്നതിന് പഞ്ചായത്ത് ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് അംഗം സുനിൽ ചെറിയാൻ ആവശ്യപ്പെട്ടു.